Friday, June 23, 2006

അഷ്ടമിരോഹിണിനാളിലെന്‍..

അയല്‍ക്കാര്‍ പലപ്പോഴും അച്ഛനോടു പറഞ്ഞിട്ടുള്ള കാര്യമാണ്‌, 'മോനിവിടില്ലാത്തതല്ലേ, നമുക്ക്‌ ഒരു പട്ടിയെ വാങ്ങി വളര്‍ത്തിയാലോ?' (ഈ പറഞ്ഞ വാചകത്തിന്റെ ഇടയില്‍ കയറി വായിക്കാന്‍ ആരും നോക്കേണ്ട, ഇത്‌ കള്ളനെ പേടിച്ചു മാത്രമാണു). അന്നെല്ലാം അതു തള്ളി പോയത്‌ എന്റെ വീറ്റോ അധികാരം ഒന്നു കൊണ്ട്‌ മാത്രമായിരുന്നൂ.

ജനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതല്ല ഈ പേടി. നായ്കളോടുള്ള എന്റെ സമീപനത്തില്‍ വലിയൊരു മാറ്റം തന്നെ വരുത്തിയ ആ സംഭവം നടക്കുന്നത്‌ ഒരു അഷ്ടമിരോഹിണി(ശ്രീകൃഷ്ണ ജയന്തി) ദിവസമാണ്‌. ഓണം അവധിയുടെ ആലസ്യം ഒക്കെ മാറുന്നതിനു മുന്‍പ്‌ വീണ്ടും കിട്ടിയ ഒരു അവധി ദിനം. വൈകിട്ടു 'വെച്ചു കൊടുക്കാന്‍' ഉള്ള പൊരിയും കല്‍കണ്ടവും പഴവും എല്ലാം പൂജാമുറിയിലെ ചുവരലമാരയില്‍ തയാറാക്കിക്കഴിഞ്ഞ്‌, അതില്‍ ഒരു പൂട്ടും വീണിട്ടുണ്ടായിരുന്നു. അതു എന്നെ ഉദ്ദേശിച്ചു മാത്രമാണെന്ന് മനസിലാക്കാനുള്ള വക തിരിവ്‌ ഒക്കെ എനിക്കു അന്നേ ഉണ്ടായിരുന്നൂ.

സമയം ഒന്‍പതോ പത്തോ ആയിക്കാണും. പടിപ്പുരയ്ക്കപ്പുറം കലപില സംസാരങ്ങളും ബഹളങ്ങളും ഒക്കെ കേട്ടു തുടങ്ങി. രാവിലത്തെ സെഷനുള്ളവര്‍ ഏതാണ്ടു ആയി എന്നു തോന്നുന്നൂ. അനീഷും ഉണ്ണിമോനും അവന്റെ ചേട്ടനും ഉണ്ട്‌. അപ്പോ ടൌണിലെ സ്കൂളിലും ഇന്നവധിയാണ്‌. എനിക്കു ടൌണിലെ സ്കൂള്‍ ആയിരുന്നു കൂടുതല്‍ ഇഷ്ടം. ബുധനാഴ്ച ഒഴിച്ച്‌ എല്ലാ ദിവസവും യൂണിഫോറം ഇടാന്‍ പറ്റുന്ന,സമരം ഉള്ള,ദിവസവും കബീര്‍ ബസ്സില്‍ കേറി പോവാന്‍ പറ്റുന്ന എന്റെ സ്വപ്നത്തിലെ സ്കൂള്‍. ഞാന്‍ ആണെങ്കിലോ മാസത്തില്‍ ഒരു തവണത്തെ 'തല ഒഴിയിറക്കലിനു' മാത്രമാണു അതിലൊന്നു കേറുക.

'ഞവരപച്ചയില്‍ ഇല വല്ലതും ഉണ്ടോ?'
ഉണ്ണിമോന്‍ നിക്കര്‍ വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.

ആ ഏരിയയില്‍ എന്റെ വീട്ടില്‍ മാത്രമെ ഞവരയില ഉള്ളൂ. സ്ലേറ്റ്‌ മായ്ക്കാന്‍ ഏറ്റവും വിശിഷ്ട്യം ആയതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും കാട്ടു പച്ചയേക്കാളും മണവും ഗുണവും ഉള്ളതാണ്‌ ഈ ഞവരപച്ച. ഞവരപച്ച കശക്കി രണ്ടു പിടി പിടിച്ചാല്‍ എത്ര പഴയ സ്ലേറ്റും പുതു പുത്തന്‍ മോടിയാവും. സ്വന്തമായി രണ്ടു മൂടു ഞവരപച്ച ഉള്ളത്‌ കബീര്‍ ബസിലെ ദൈനം ദിന യാത്രയേക്കാളും പോയിന്റുകള്‍ പലപോഴും എനിക്കു വാങ്ങിതന്നിട്ടുണ്ടു.

'കിളിന്ത്‌ ഇല മാത്രമെ ഉള്ളൂ..'

ഒരു മുതലാളിയുടെ ഭാവത്തോടെ ഞാന്‍ മൊഴിഞ്ഞൂ.

'നാളെ രാവിലെ വന്ന് നോക്ക്‌'

ഒരു കണ്‍സഷന്‍ ഞാന്‍ കൊടുത്തു.

'ഉണ്ണിയേയ്‌....'

ഉണ്ണിമോനും അവന്റെ ചേട്ടനും വേണ്ടിയുള്ള വിളിയാണ്‌. രണ്ടു പേരും തങ്ങള്‍ക്കു പറ്റുന്ന വേഗത്തില്‍ ഓട്ടം തുടങ്ങി. ഇനി നിന്നിട്ട്‌ വലിയ കാര്യമൊന്നും ഇല്ലെന്ന് മനസിലാക്കിയിട്ടവണം അനീഷും തന്റെ 'വാഹനത്തില്‍' കയറി യാത്രയായി.

പടിപ്പുരയില്‍ നിന്നിട്ട്‌ എന്ത്‌ നടക്കാന്‍ എന്നോര്‍ത്തു ഞാന്‍ കുളിമുറിക്കു പുറകിലെ എന്റെ ഞവരതോട്ടത്തിലേക്ക്‌ നടന്നു. നല്ല മുറ്റിയാതെണെന്നു തോന്നിച്ച മൂന്നു നാലെണ്ണം പറിച്ച്‌ എന്റെ നിക്കറിന്റെ പോക്കറ്റില്‍ തിരുകി. തിരിഞ്ഞതും ഒരു രണ്ടു വാര അകലെ ഒരു പട്ടി, അതും എന്നെ നോക്കി. എന്റെ സ്വന്തം വീട്ടില്‍ എന്നെ പേടിപ്പിക്കാന്‍ പോന്നവനോ?

'ഗ്‌ര്‍ഗ്‌ര്‍ര്‍..'

അന്നു വരെ ഒരു പട്ടിയില്‍ നിന്നും കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത ശബ്ദം. ഞാന്‍ മെല്ലെ പിന്നോട്ടാഞ്ഞു. എന്റെ ആ ഭീരുത്വത്തിന്റെ സ്ക്വയറിന്റെ നേരനുപാതത്തില്‍ അവന്റെ വേഗം കൂടി. ഞാന്‍ അതു വരെ പുറപ്പെടുവിച്ചിട്ടില്ലാത്ത ഒരു ശബ്ദത്തോടെ താഴേക്ക്‌ വീണു. പിന്നത്തെ ഒരു 5 സെക്കന്‍ഡ്‌ ഇപ്പോഴും ഓര്‍മയില്ല.

ആരൊക്കെയോ ഓടി വന്നു. എന്നെ ഉമ്മറത്ത്‌ ഇരുത്തി. അപ്പോഴാണ്‌ ഞാന്‍ വലത്‌ തോളിലെ രണ്ടിഞ്ച്‌ നീളത്തിലെ മുറിവ്‌ കണ്ടത്‌. അയല്‍പക്കത്തെ എല്ലാപേരും എത്തിയിട്ടുണ്ട്‌. ഉണ്ണിമോനും അവന്റെ ചേട്ടനും.. അനീഷ്‌ ഇല്ല.

'ചിറയിന്‍കീഴ്‌ പോകേണ്ടി വരും'

ആരോ പറഞ്ഞു.

'പതിനാലെണ്ണം വെയ്ക്കണം..'

'ആരു പറഞ്ഞു, തെക്കേവിളയിലെ സുധാരന്റെ മോനു ആകെ അഞ്ചെണ്ണം മാത്രെ വെച്ചുള്ളൂ. പത്ഥ്യോം ഇല്ലായിരുന്നൂ.'

'അതിനു തിരോന്തരത്ത്‌ ജനലാശൂത്രീ പോണം'

'ഒന്‍പതെണ്ണം അധികം എടുത്താ പോരെയ്‌..'

സാമദ്രോഹി.. എന്താണു വിഷയമെന്നു മനസിലായിരുന്നെങ്കില്‍ അങ്ങനെ വിളിച്ചേനേയ്‌.

തര്‍ക്കം മുറുകുവാണ്‌.

'ഏതായാലും ചിറയിന്‍കീഴ്‌ പോയി നോക്കാം.. അവിടെ അഞ്ചെണ്ണം ആണെങ്കി അഞ്ച്‌, ഇല്ലെങ്കില്‍ പതിനാല്‌.'

അമ്മാവന്‍ രാവിലെ കണക്കു പരീക്ഷക്ക്‌ പോവാണൊ? അഞ്ച്‌, പതിനാല്‌, ഒന്‍പത്‌.....

മുറിവ്‌ ആരൊ കഴുകി, എന്നെ ഓണത്തിനു കിട്ടിയ പുതിയ നിക്കറിനുള്ളില്‍ എടുത്ത്‌ നിര്‍ത്തി. കഴിഞ്ഞ മാസം കള്ളനും പോലീസും കളിച്ചു വീണു ഇതിലും വലുതായി മുറിഞ്ഞിട്ടും ആരും ആശൂത്രീ കൊണ്ടു പോയില്ല. ഇപ്പോ എന്തെ??

'പട്ടി കടിച്ചാ കുത്തിവെക്കണം'

അവിടൊക്കെ കറങ്ങി നടന്ന ഉണ്ണിമോന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

എന്നിട്ടും എനിക്ക്‌ പതിനാലിന്റെയും അഞ്ചിന്റേയും എടപാട്‌ പിടികിട്ടിയില്ല.

'കബീര്‍ പോയി, ഇനി വല്ല ഓട്ടൊയും ഒഴിഞ്ഞു വരണം' അച്ഛന്‍ പിറുപിറുത്തു.

അങ്ങനെ കല്‍കണ്ടവും കഴിച്ച്‌ പാല്‍പായസവും കുടിച്ച്‌ വീട്ടിലിരിക്കേണ്ട ഞാന്‍ വരാനിരിക്കുന്ന കുത്തിവെപ്പിന്റെ നൊമ്പരവുമായി ത്രിചക്ര ശകടവും കാത്തു നില്‍പ്പായി.

അതാ വരുന്നു ഒരു കൂട്ട ഓട്ടം. കയ്യില്‍ കമ്പുകളും കല്ലുകളുമായി ഒരു ജനകൂട്ടം. തെങ്ങ്‌ കയറാന്‍ വരുന്ന രവി അണ്ണനാണു നേതാവ്‌. ജനക്കൂട്ടം അടുത്തെത്തിയപോഴാണു ഇവരെ നയിച്ച്‌ കൊണ്ട്‌ മുന്‍പെ ഓടുന്ന നമ്മുടെ നമ്മുടെ കഥാപാത്രത്തെ കാണുന്നത്‌, ഇത്തിരി മുന്‍പെ തെങ്ങിന്‍ ചോട്ടിലിട്ടു എന്റെ പെയ്ന്റ്‌ ചുരണ്ടിയെടുത്തവന്‍.

പേയില്ലാത്ത പട്ടി വെരുതേ ആരെയും കടിക്കില്ലത്രേ.. ഇനി ആര്‍ക്കും ചിറയിന്‍കീഴ്‌ പോകേണ്ടിവരാതിരിക്കാന്‍ വേണ്ടി സാമൂഹ്യ പ്രതിബദ്ധതയുള്ള നാട്ടുകാരുടെ വക കൂട്ട ഓട്ടം.

ശകടം വന്നെത്തി.. ഞരങ്ങിയും മൂളിയും ഒരു വിധം ചിറയിന്‍കീഴ്‌ താലൂക്ക്‌ ആശുപത്രി പടിക്കലെത്തി.

മരുന്നിന്റെ വല്ലാത്ത മണമുള്ള മങ്ങിയ പച്ച പെയ്ന്റടിച്ച ഓ.പി. വിഭാഗത്തിലേക്കു ഞങ്ങളെത്തപ്പെട്ടു. ഡോക്‍ടറില്‍ നിന്നു കിട്ടിയ കുറിപ്പടിയുമായി വീണ്ടും മറ്റൊരിടത്തേക്കു... വെള്ള ഉടുപ്പിട്ട ഒരു ചേച്ചി കയ്യില്‍ വെള്ളം പുരട്ടി ഒരു ചെറിയ കുത്ത്‌,ഒരു കുഞ്ഞ്‌ കട്ടെറുമ്പ്‌ കടിച്ച മാതിരി. ഇത്രയും ചെറിയ കുത്തിനേയാണൊ ഞാന്‍ പേടിച്ചത്‌? പതിനാല്‌ അല്ല ഒരു ഇരുപത്തിയഞ്ചയാലും ഞാന്‍ താങ്ങും.

കഴിഞ്ഞില്ല.. അതു വെറും അലര്‍ജി ടെസ്റ്റിംഗ്‌ ആയിരുന്നത്രേ. ഒരു വലിയ സിറിഞ്ചുമായി നേരത്തെ കുത്തിയ ചേച്ചി എന്നെ അകത്തോട്ടു കൂട്ടിക്കൊണ്ടു പോയി ഒരു ബെഡ്ഡില്‍ കിടത്തി. പൊക്കിളിനു പുറത്തായി നല്ലൊരു സ്ഥാനം കണ്ടെത്തി, ഒരു കുത്ത്‌. വീണ്ടും കട്ടെറുമ്പ്‌. ഞാന്‍ വീണ്ടും ഹാപ്പി. അതു നീണ്ടു നിന്നില്ല. കഞ്ഞി വെള്ളം പോലെ വെളുത്ത അര ലിറ്റര്‍ മരുന്ന് അകത്തോട്ടു കയറിയപ്പോയ ഒരു രണ്ടു മിനിട്ട്‌ നേരം, കണ്ടുപിടിക്കപ്പെട്ടതും ഇല്ലാത്തതുമായ എല്ലാ നക്ഷത്രങ്ങളേയും ഞാന്‍ കണ്ടു.ഈ ക്രൂരകൃത്യത്തിനു ശേഷം നഴ്‌സ്‌ ചേച്ചി ഒരു മുട്ടായി എങ്കെലും തരുമെന്നു കരിതിയ എനിക്കു തെറ്റി. ചേച്ചി കത്തിയും വലിച്ചൂരി, സോറി സിറിഞ്ചും വലിച്ചൂരി ഒന്നുമറിയാത്ത പോലെ അടുത്ത ഇരയെ തേടി പോയി.

ഇതു പോലത്തെ പതിമൂന്നു ദിനങ്ങള്‍ എനിക്കു വേണ്ടി കാത്തിരിക്കുന്നതായി അച്ഛനില്‍ നിന്നു മനസിലാക്കി. അനുഭവിച്ച വേദനയുടെ പ്രതിഫലമെന്നോണം, ബസ്റ്റാന്‍ഡില്‍ നിന്നു ഒരു പുതിയ ബാലരമ സ്വന്തമാക്കാന്‍ ഞാന്‍ മറന്നില്ല.

ദിനങ്ങള്‍ കടന്നു പോയി. എന്റെ പൊക്കിളിനു ചുറ്റും സൂചി കുത്താന്‍ സ്ഥലമില്ലാതായി. എന്നിട്ടും എവിടെ നിന്നെങ്കില്‍ പാട്ടത്തിനെടുത്തിട്ടായാലും ചേച്ചി ഒരു വിധം കുത്തി ഒപ്പിക്കും. ഇതിനകം തന്നെ ബാലരമ, ബാലമംഗളം, തത്തമ്മ തുടങ്ങിയ പലതിന്റെയും പഴയതും പുതിയതുമായ പല ലക്കങ്ങളും ഞാന്‍ സ്വന്തമാക്കിയിരുന്നു.

വൈകിയാണു ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിഞ്ഞത്‌, ഇനി മൂന്നു മാസത്തേക്കു സ്കൂളില്‍ പോകണ്ടത്രേ. പത്ഥ്യത്തിനു സമ്പൂര്‍ണ വിശ്രമം വേണം പോലും. ഈ മൂന്നു മാസത്തേെക്കു എനിക്കൊരു ട്യൂഷന്‍ സാറും ഏര്‍പ്പാടായി, സാര്‍ വീട്ടില്‍ വന്നു പടിപ്പിക്കും. ആ പട്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ച്‌ ദൂരെ മാറി നിന്നൊരു നന്ദി പറയാമായിരുന്നു.

ഭക്ഷണസമയത്തു ഒഴികെ ഞാന്‍ സമ്പൂര്‍ണ സന്തോഷവാനായിരുന്നു. മൂന്ന് മാസത്തെ മെനു അതി ഭീകരവും പൈശാചികവുമായിരുന്നു. രാവിലെ ഉപ്പും തേങ്ങയും ഇടാത്ത ഒരു കുറ്റി പുട്ടും ഉപ്പിടാത്ത പുഴുങ്ങിയ പയറും ഒരു ഗ്ലാസ്‌ മധുരമില്ലാത്ത പാലും. ഉച്ചക്കു ഉപ്പിടാത്ത കഞ്ഞിയും പയറും, രാത്രിയും തഥൈവ.

ആ ഏരിയയില്‍ വളരെ നാളുകള്‍ക്കു ശേഷം പേപ്പട്ടി കടിക്കപ്പെട്ടവാനായ എന്നെ കാണാന്‍ സന്ദര്‍ശകരുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു. ഇതു കൂടാതെ എന്നും വൈകുന്നേരങ്ങളില്‍ വന്നു AD 100 മുതലുള്ള എല്ലാ പട്ടി കടി ചരിതങ്ങളും വിളമ്പുമായിരുന്ന അവിടത്തെ മെയ്‌ന്‍ വല്യമ്മമാരും..

'എന്റെ അമ്മെടെ ചിറ്റമ്മേറ്റെ മൂത്ത മോന്‍, ശങ്കരപിള്ള, പത്ഥ്യം തീരുന്ന 89-ആം ദിവസം 23-ആം മണിക്കൂര്‍. ഇത്തിരി അച്ചാര്‍ എടുത്ത്‌ നാക്കില്‍ വെച്ചു നോക്കിയതാ.... എടുത്തില്ലേ അങ്ങോട്ടു...'

ഒരു വല്യമ്മ തൂണിന്മേല്‍ ചാരിയിരുന്നു വാതം പിടിച്ച കാല്‍ തടവിയിറക്കിക്കൊണ്ടു പറഞ്ഞു. വെള്ളത്തില്‍ നോക്കാന്‍ പാടില്ല, നാരങ്ങ ഇനി രണ്ടു വര്‍ഷത്തെക്കു കഴിക്കാന്‍ പാടില്ല, ദൈവഭക്തി വേണം തുടങ്ങിയ ഉപദേശങ്ങളും.

മാസങ്ങള്‍ കഴിഞ്ഞു പോയി. പണ്ടു ശങ്കരപിള്ളക്കു പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നു മാസത്തെ പത്ഥ്യം മൂന്നര മാസമായി നീട്ടപ്പെട്ടു. മൂന്നര മാസത്തിനു ശേഷം വീണ്ടും സ്‌കൂളിലേക്കു. കയ്യൊടിഞ്ഞു പ്ലാസ്റ്ററുമായി വരുന്നവനെ നോക്കുന്ന ആരാധനയോടെ ചിലര്‍. ചിലര്‍ക്കു കുത്തി ഇല്ലാതാക്കിയ ആ പൊക്കിള്‍ ഒന്നു കാണണം...

കാലചക്രം ഓടിക്കറങ്ങി. ഇവിടെ ഈ മഹാനഗരത്തിലും ശുനകവര്‍ഗത്തില്‍ പെട്ട ഏതെങ്കിലും ഒരു ജീവിയെ കണ്ടാല്‍, ഇപ്പോഴും, അടിവയറ്റില്‍ ഒരു പെരുപ്പും പൊക്കിളിനു ചുറ്റും ഒരു വിങ്ങലും എല്ലാം കൂടി ഒരു ഇലഞ്ഞിത്തറ മേളം തന്നെ നടക്കും.

22 Comments:

Blogger അജിത്‌ | Ajith said...

ഒരു മിനിക്കഥ ആയി പറയാന്‍ നോക്കിയതാ.. നീണ്ടു നീണ്ടു ഒരു മെഗാ സീരിയല്‍ പരുവം ആയി.

പ്രചോദനം - ബിന്ദുവേടത്തിയുടെ അക്രുവിനെ കുറിച്ചുള്ള ഓര്‍മകള്‍

4:59 AM  
Blogger സു | Su said...

അയ്യോ... എനിക്കും പട്ടികളെ വല്യ പേടിയാണ്. പിന്നെ കുരയ്ക്കും പട്ടി കടിക്കില്ല എന്നോര്‍ക്കുമ്പോഴാണ് ഒരു സമാധാനം.

പട്ടി കടിച്ചെങ്കിലും ആരാധനയോടെ നോക്കിയില്ലേ സഹപാഠികള്‍ ;)

ഇത് വായിച്ചിട്ട് എനിക്ക് വല്ലായ്മ തോന്നി :(

5:06 AM  
Blogger അരവിന്ദ് :: aravind said...

കൊള്ളാം..
രസകരം :-)
പണ്ട് പണ്ടൊരു പട്ടി എന്റെ കൈയ്യില്‍ കമ്മിയപ്പോള്‍ എറിഞ്ഞതിന്റെ കാലൊടിച്ചതോര്‍ക്കുന്നു. :-)

5:29 AM  
Blogger വക്കാരിമഷ്‌ടാ said...

കൊള്ളാം. നല്ല വിവരണം... കടിക്കില്ലെങ്കില്‍ എനിക്ക് പട്ടിയെ ഇഷ്ടമാണ്. കടിക്കുവാണെങ്കില്‍ എനിക്ക് കൊതുകിനെപ്പോലും വെറുപ്പാണ്. ഈ കടി എന്നൊരു പരിപാടി ഇല്ലായിരുന്നെങ്കില്‍..

എങ്കിലും പൊക്കിളിനു ചുറ്റും സൂചി കയറുന്ന ആ കലാപരിപാടി സ്വല്‌പം കട്ടിതന്നെ. ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ലാ എന്നു തോന്നുന്നു. ഒന്നുകൂടി നോക്കുന്നോ, പട്ടീടെ അടുത്ത്? :)

6:01 AM  
Blogger ബിന്ദു said...

എനിക്കും ഈ ജന്തുവിനെ ഇഷ്ടമല്ല, പക്ഷെ തികഞ്ഞൊരു വിശ്വാസിയായ എന്റെ കണവന്‍ അതിനു പറയുന്നതു, ഒരു പട്ടിക്കു ഒരു പട്ടിയെ അല്ലെങ്കിലും ഇഷ്ടമില്ലാത്തതുകൊണ്ടാണത്രെ :( മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന അനുഭവം എഴുതാന്‍ പറഞ്ഞപ്പോള്‍ ഒരു പട്ടി എന്നെയിട്ടോടിച്ച കാര്യം എഴുതി.. അല്ലെങ്കിലും അത്ര ചെറു പ്രായത്തില്‍ എന്തോര്‍മ??

നന്നായി എഴുതിയിട്ടുണ്ട്‌.

6:14 AM  
Blogger ശ്രീജിത്ത്‌ കെ said...

ആ പട്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ച്‌ ദൂരെ മാറി നിന്നൊരു നന്ദി പറയാമായിരുന്നു

മനസ്സില്‍ നന്ദി പറഞ്ഞാല്‍പ്പോര അല്ലേ, നേരില്‍ കണ്ട്, അതും ദൂരെ മാറി നിന്ന് നന്ദി പറയണമല്ലേ. നല്ല വിവരണം. നല്ല ഹ്യൂമര്‍ സെന്‍സ്. രസിച്ചു. ഭേഷായി രസിച്ചു.

6:17 AM  
Anonymous Anonymous said...

ഹിഹി! ബിന്ദൂട്ടി! അതിന്റെ വേറൊരു വേര്‍ഷന്‍ ഇവിടെ ഒരാള്‍ പറയുന്നുണ്ടു. പട്ടിയെ മേടിക്കാം എന്നു പറയുമ്പോള്‍ , “ഇവിടെ ഒരു പട്ടിയുള്ളപ്പോള്‍ വേറെ പട്ടി എന്തിനു എന്നു?“ :)

6:28 AM  
Blogger വഴിപോക്കന്‍ said...

തുടക്കത്തിലെ ലൈന്‍ തന്നെ കലക്കി... :)

8:29 AM  
Blogger Chalakudy ചുള്ളന്‍ said...

അജിത്തെ.. വിവരണം നന്നായിണ്ട്..കുത്തിവയ്പ്പിന്റെ കാര്യം ഒക്കെ വായിചപ്പൊ വേദന തോന്നി.

ഇവിടെ ഉള്ളോര്‍ക്കു ഇവറ്റകള്ളേ മക്കള്ളേക്കാള്‍ കാ‍ര്യാ..ഒരു പക്ഷെ മക്കളേക്കാള്‍ ഉപകാരം അവര്‍ക്ക് പട്ടികളേ കൊണ്ടുണ്ടാകുണ്ടാവും. എന്തായാല്ലും സ്വന്തം ചന്തി കഴുകാന്‍ സമയം ഇല്ലാത്ത ഇവര്‍ പട്ടീടെ അപ്പി കോരാന്‍ പ്ലാസ്റ്റിക് സഞ്ചിം കൊണ്ട് നടക്കണ കാണണത് ഒരു തമാശ്യാ‍..:)

3:41 PM  
Blogger Adithyan said...

നന്നായിരിയ്ക്കുന്നു...

ഹാസ്യസാഹിത്യക്കാര്‍ കൂടുന്നു :)

ചില പ്രയോഗങ്ങളൊക്കെ അമറന്‍

3:55 PM  
Blogger സന്തോഷ് said...

കൊള്ളാം അജിത്തേ! ഞാനും ചിറയിന്‍‍കീഴ് ആശുപത്രിയില്‍ പോയിട്ടുണ്ട്, പട്ടി കടിച്ചതിനല്ല, അമ്മൂമ്മയുടെ കണ്ണ് പരിശോധിക്കാന്‍.

നല്ല വിവരണം.

5:21 PM  
Blogger കലേഷ്‌ കുമാര്‍ said...

നന്നായിട്ടുണ്ട് അജിത്ത്!
എവിടാ സ്ഥലം? അഞ്ചുതെങ്ങ്? കടയ്ക്കാ‍വൂര്‍? ആറ്റിങ്ങല്‍?

ഞാന്‍ വര്‍ക്കലേന്നാ!

5:30 AM  
Blogger Hamrash said...

LñVú öhêtEïùLú
Here is an Audio Version of Su's Post. I hope that you will really enjoy. Click the below link to start downloading (30secs only).
Su Audio

9:48 AM  
Blogger ദേവന്‍ said...

ജന്തുക്കളുടെ തലച്ചോറില്‍ വൈറസ്‌ വളര്‍ത്തിയുണ്ടാക്കുന്ന വാക്സിന്‍ ആയിരുന്നു ഈ 14 എണ്ണം എടുപ്പ്‌ . മസ്കുലര്‍ ഈഞ്ജക്ഷന്‍ അല്ലേ വയര്‍ പപ്പടം പൊള്ളിയപോലായി പോകും. ഇപ്പോഴൊക്കെ താറാവുമുട്ടയില്‍ സ്റ്റ്രെയിന്‍ ചെയ്ത വാക്സിനാ, അതും രണ്ടുമൂന്നെണ്ണം മതി,

സാരമില്ല. ഇതിലും വലുതെന്തോ വരാനിരുന്നത്‌ പട്ടികടിയായി ഒഴിഞ്ഞു പോയെന്നു കരുതാം... അല്ലാ ആ പട്ടിയെ നാട്ടുകാരു തല്ലിക്കൊന്നോ?

1:42 AM  
Blogger bodhappayi said...

തൊട്ടു നക്കാന്‍ നാരഞ്ഞാ അച്ചാര്‍ മാത്രമുള്ളപ്പോള്‍ നീയെന്തു ചെയ്യും ചുള്ളാ... :)

11:47 PM  
Blogger ഇടിവാള്‍ said...

അജിത്തേ, കഥ കൊള്ളാം ട്ടാ..
കുട്ടപ്പായി ചോദിച്ചതൊരു കാര്യാണ്‌..
വെറെ വഴ്യൊന്നൂല്ല്യെങ്കീ ,മ്മടെ ജഗതി സ്റ്റയിലില്‍, ചെമരുമ്മെ ഒന്നു തോണ്ടി വിശലമായിട്ടൊന്നു നക്കാം.. അല്ലാണ്ടിപ്പ ന്താ ചിയ്യാലെ ??

11:59 PM  
Blogger അജിത്‌ | Ajith said...

സു, പട്ടി കടിച്ചതിന്റെ വേദന ഒക്കെ ഹീറൊ പരിവേഷം കിട്ടിയതോടെ മാറി.

അരവിന്ദേയ്‌, കുനിഞ്ഞ്‌ ഒരു കല്ല് എടുക്കാനുള്ള അവസരം പോലും എനിക്കു കിട്ടിയില്ല...

വക്കാരീ, ഇനിയും ഒരു അങ്കത്തിനു ഞാനില്ല.

ബിന്ദുവേടത്തീ, നമുക്കു 'വീ ഹേറ്റ്‌ പട്ടി' എന്നൊരു ബ്ലോഗ്‌ തുടങ്ങിയാലോ..

ശ്രീജിത്തെയ്‌, മനസില്‍ നന്ദി പറഞ്ഞാല്‍ പറയുന്ന ആള്‍ അറിയണ്ടെ??

എല്‍ജിയേയ്‌, വെറുതെയ്‌ എന്തിനാ ഒരു പട്ടിയെ വാങ്ങി പൊല്ലാപ്പുകള്‍ ഉണ്ടാക്കി വെക്കുന്നത്‌.

വഴിപോക്കാ, നന്ദി.

ചുള്ളാ, ആ ഡയലോഗ്‌ കേട്ടിട്ടില്ലേയ്‌, 'നിന്നെയൊക്കെ പോറ്റിയ സമയത്ത്‌ ഒരു പട്ടിയെ വാങ്ങിച്ചു വളര്‍ത്തിയിരുന്നെങ്കില്‍ വാലെങ്കിലും ആട്ടിയേനേയ്‌' എന്നു. അതുമാവാം കാരണം.

നന്ദി ആദിത്യാ..

സന്തോഷ്‌, ചിറയിന്‍കീഴ്‌കാരനാണോ???

കലേഷ്‌, ഞാന്‍ ആറ്റിങ്ങല്‍ സ്വദേശിയാണ്‌. പിന്നെ പ്രീഡിഗ്രിയ്ക്കു രണ്ടു വര്‍ഷം വര്‍ക്കല SN കോളേജിലായിരുന്നു.

ദേവരാഗം, പട്ടിയെ നാട്ടുകാര്‍ തല്ലികൊന്നു. പിന്നെയാണു അറിഞ്ഞത്‌ അത്‌ ഞങ്ങളുടെ നാട്ടിലെ തന്നെ ഒരു വീട്ടിലെ പട്ടിയാണെന്നു... അതിനെ കെട്ടിയിട്ടു നാരങ്ങ മിട്ടായി വാങ്ങിക്കൊടുത്ത്‌ പത്ത്‌ ദിവസം നിരീക്ഷിച്ചിരുന്നെങ്കില്‍ ഈ പതിനലെണ്ണം ഒഴിവാക്കാമായിരുന്നത്രെ?? തല്ലികൊന്നവരുടെ തന്നെ അഭിപ്രായം ആണിത്‌.

സ്വല്‍പം പുല്ല്‌ ആയാലും എനിക്കു പ്രശ്നമില്ല, കുട്ടപ്പായീ. ചിക്കന്‍ മഞ്ചൂരിയന്‍ മാത്രമെ കഴിക്കൂ എന്നു നിര്‍ബന്ധവുമില്ല.

നന്ദിയുണ്ട്‌, ഇടിവാളേട്ടാ, തോണ്ടിനോക്കുമ്പോള്‍ നല്ല കുമ്മായം കയ്യില്‍പറ്റുന്ന ഒരിടവും കാണാനില്ല. അല്ലെങ്കില്‍ അതൊന്നു ട്രൈ ചെയ്യാമായിരുന്നൂ.

1:50 AM  
Blogger പെരിങ്ങോടന്‍ said...

അജിത്തേ ഓര്‍മ്മക്കുറിപ്പുകള്‍ രസകരമായിരിക്കുന്നു (അതു ആരാന്റമ്മയ്ക്കു പ്രാന്തായാല്‍.. എന്ന ടോണിലല്ലാ‍ട്ടോ) “പണിവരുന്ന വഴികള്‍” ആദ്യമേ വായിച്ചിരുന്നുവെങ്കിലും കമന്റിടാനും സ്വാഗതം ആശംസിക്കുവാനുമെല്ലാം മറന്നു.. എന്തായാലും ഹാപ്പി വെബ് ലോഗ്ഗിങ് :)

3:19 AM  
Anonymous Anonymous said...

Hi Ajith
Ninte 'Cherukatha' Adipoli..
Ithu ee bloginte nalu chumarukalkkullil othungenda onnalla..Veruthe 'Mathrubhumi' , 'Kala Kaumudhi','Malayalam' - ayachu koduthu nokku..
Chilappol 'Muyal Chathalo' :)

Agson Chellakudam

4:01 AM  
Blogger അജിത്‌ | Ajith said...

പെരിങ്ങോടരേയ്‌.. നന്ദി

അഗ്സന്‍... ഞാന്‍ പ്ലാവിന്റെ ചോട്ടില്‍ പോയി നിന്നു നോക്കാം.. വല്ല ചക്കയും വീഴുകാണെങ്കില്‍..

5:42 AM  
Anonymous Nitz said...

dhairyam aparam..
you've written such a scary incident with great ease. kidu style.

8:40 AM  
Blogger Sarath said...

oru padu nalukalkku shesham malayalam vayana punarambicha enikku nalla oru thudakkamanu suhurthe thankalde ee kuripp ..nanni

12:28 AM  

Post a Comment

<< Home