Monday, July 03, 2006

സോമരസവും ബേബി ഡയപ്പേര്‍സും..

ഒരു തണുത്ത കോണ്‍ഫറന്‍സ്‌ ഹാള്‍.. സമയം വൈകുന്നേരം ഒരു എട്ട്‌ എട്ടര.. വിഷയം ഡാറ്റ മൈനിങ്ങും പിന്നെ എന്തൊക്കെയൊ ചില നല്ല കാര്യങ്ങളും..

എന്റെ അവസ്ഥ അര്‍ധബോധാവസ്ഥ..

സ്ഥലത്തെ പ്രധാനപെട്ട ഡാറ്റാബേസ്‌ പുലി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിത്വം, ഡാറ്റാമൈനിംഗ്‌ എന്ന പ്രതിഭാസത്തെ കുറിച്ചും അതു കാരണം നാടായ നാട്ടിലൊക്കെയുള്ള ബിസിനസ്‌ പ്രമാണിമാര്‍ക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയോജനങ്ങളെ കുറിച്ചും അതിന്റെ ആന്തരിക ഘടനാവിശേഷങ്ങളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കുകയായിരുന്നു. ഡാറ്റാ സ്റ്റോറേജിന്റെ അന്തരാത്മാവിന്റെ ആഴങ്ങളിലേക്കു ഊളിയിട്ടു പോയിട്ടുണ്ടെന്നു അവകാശപെടുന്ന ടി വ്യക്തിത്വം ചില 'മനുഷ്യനു മനസിലാവുന്ന' ഉദാഹരണങ്ങളിലൂടെ, ഉറങ്ങിക്കിടക്കുന്ന ഏഴെട്ടു തലച്ചോറുകളിലേക്കു സാധനം തള്ളികയറ്റാന്‍ ശ്രമിക്കുകയാണ്‌.

അങ്ങു അമേരിക്കാവിലെ വാള്‍ മാര്‍ട്ട്‌ സ്റ്റോറുകളില്‍ വെള്ളിയാഴ്ചകളില്‍ ബിയറിനു നല്ല ചിലവാണത്രെ??

എന്തൊരു വലിയ ഇന്‍ഫര്‍മേഷന്‍.. ബിയര്‍ എന്നു കേട്ടു തലപൊക്കി നോക്കിയ മുഖങ്ങളില്‍ പുഛഭാവം. ഇതു കണ്ടു പിടിച്ച്‌ പഠിപ്പിച്ചു തരാനാണൊ അളിയന്‍ കോട്ടും സൂട്ടും ഒക്കെ ഇട്ടു നിന്നു കൂടിയാട്ടം കളിക്കുന്നത്‌.

വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ ബേബി ഡയപേര്‍സിനും നല്ല ചിലവാണെന്നു...

പുഛമുഖങ്ങളില്‍ ആശ്ഛര്യത്തിന്റെ ഒരു ചെറിയ ഹാലിളക്കം.
മറ്റു ചില ദുഷ്ടമനസുകളില്‍ ബിയര്‍ കുടി കാരണം ഉണ്ടാകാന്‍ സാധ്യത ഉള്ള ഡയപ്പറിന്റെ ആവശ്യകത എന്തായിരിക്കും എന്ന തികച്ചും വേണ്ടാത്ത ചില വിചാരങ്ങള്‍.

ടിയാന്‍ ഈ ഭയങ്കരമായ സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു തുടങ്ങി. വെള്ളിയാഴ്ച്ചകളില്‍ ബിയര്‍ വാങ്ങിക്കാന്‍ വേണ്ടി വാള്‍ മാര്‍ട്ട്‌ സന്ദര്‍ശിക്കുന്ന മാന്യദേഹങ്ങളെ ഭാര്യമാര്‍ വിളിച്ചു ഡയപ്പറിനെക്കുറിച്ചു ഓര്‍മ്മിപ്പിക്കുമെന്നും അതല്ല വൈകുന്നേരങ്ങളില്‍ കറക്കം എന്ന പേരില്‍ നീണ്ട ഡ്രൈവിംഗ്‌ വേണ്ടതിനാല്‍ കുഞ്ഞുങ്ങള്‍ക്കു ഡയപ്പേര്‍സ്‌ ഒരു അത്യാവശ്യമാണെന്നും ഉള്ള രണ്ടു അഭിപ്രായങ്ങല്‍ അവതരിപ്പിക്കപെട്ടു.

ഇതൊക്കെ കണ്ടുപിടിച്ചതു വാള്‍മാര്‍ട്ടിലെ ചില ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ ആണു പോലും.. ഇവര്‍ ബിയര്‍-നാപ്പി റിലേഷന്‍ഷിപ്‌ എന്ന പേരില്‍ പഠനങ്ങള്‍ വരെ നടത്തിയിട്ടുണ്ടത്രേ. ഈ ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ക്കു ഫോണ്‍ ടാപ്പിംഗ്‌ പൊലുള്ള കലകള്‍ വശമാണൊ എന്ന സംശയം തികച്ചും ന്യായമാണു. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഡാറ്റ മൈനിംഗ്‌ എന്ന മഹത്തായ പ്രതിഭാസം കൊണ്ടാണെന്നും ഡാറ്റയെ തുടര്‍ച്ചയായി അനലൈസ്‌ ചെയ്താല്‍ ഡയപേര്‍സിന്റെ കാര്യം മാത്രമല്ല മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റു പല കാര്യങ്ങളും പുറത്താവുമെന്നും പ്രാസംഗികന്‍ വെളിപ്പെടുത്തി.

ആ ഞെട്ടലില്‍ നിന്നു മോചിതനാകുന്നതിനു മുന്‍പു തന്നെ 'മാനേജര്‍ അദ്ദേഹം' ഫാബ്മാളിന്റെ എന്‍ട്രന്‍സില്‍ തന്നെ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും വെച്ചിരിക്കുന്നതും ഡാറ്റ മൈനിംഗ്‌ ഉള്ളതു കൊണ്ടാണെന്നു വെളിപ്പെടുത്തി.

'സര്‍'

കോണ്‍ഫറന്‍സുകളില്‍ സംശയരോഗിയായി മാറുന്ന ഒരു ചേട്ടന്‍ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ പറഞ്ഞു

'അങ്ങനേയൊന്നുമല്ല സര്‍ കാര്യങ്ങള്‍'

ഡാറ്റാബേസ്‌ പുലിവര്യനും മാനേജര്‍ അദ്ദ്യവും ഞെട്ടി. ഞങ്ങള്‍ കൂടെ ഞെട്ടി. ആദ്യം ഡൗട്ട്‌ ചോദിച്ച്‌ മനേജരില്‍ നിന്നും പോയിന്റുകള്‍ വാങ്ങാം എന്നു കരുതിയിരുന്നവര്‍ നിരാശരായി.

സംശയരോഗി തുടര്‍ന്നു

'ഫാബ്മാളില്‍ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും ആണ്‌ വെച്ചിരിക്കുന്നത്‌ എന്നു പറയുന്നത്‌ ശരി അല്ല സര്‍. അവിടെ ബിയര്‍ സാധാരണ ലെഫ്റ്റ്‌ സൈഡില്‍ ആണു വെക്കുന്നത്‌. '

*
*
*

മോഹാലസ്യപ്പെട്ടു വീണ പ്രാസംഗികനേയും മനേജര്‍ അദ്ദ്യത്തേയും ചുമന്നു കൊണ്ട്‌ ഞങ്ങള്‍ ആ തണുത്ത കോണ്‍ഫറന്‍സ്‌ ഹാളിനു പുറത്തേക്കു പോയി.*****************************************************

മറ്റൊരു റിലേറ്റെഡ്‌ നോട്ട്‌

വേദി - CDAC തിരുവനന്തപുരം ( ഫൈനല്‍ ഇയര്‍ പ്രോജക്ട്‌ വേള)

കയ്യും കെട്ടി നിര്‍നിമേഷന്മാരായി നില്‍ക്കുന്ന ഞങ്ങളോട്‌ പ്രോജക്ട്‌ ഗൈഡ്‌,

പ്രൊ ഗ : ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്‌.. 15 രൂപയുടെ ഒരു IC വാങ്ങിക്കൊണ്ട്‌ വരാന്‍ പറഞ്ഞിട്ടു ആഴ്ച്ച രണ്ടായി

ഒരു സുഹൃത്ത്‌ : സര്‍... സര്‍ വിചാരിക്കുന്നത്‌ പോലെയൊന്നുമല്ല കാര്യങ്ങള്‍

പ്രൊ ഗ : പിന്നെ

സുഹൃത്ത്‌ : 15 രൂപയൊന്നുമല്ല സര്‍, 17 രൂപയാണു സര്‍ പറഞ്ഞ ആ IC ക്കു വില.

ശേഷം...

ഞാന്‍ എന്റെ പോക്കറ്റില്‍ കിടന്ന 100 രൂപ നോട്ടു ഗൈഡ്‌ കാണ്‍കെ ഉയര്‍ത്തിക്കാണിക്കുകയും മറ്റൊരു സുഹൃത്ത്‌ അന്നു അപൂര്‍വമായിരുന്ന മൊബെയില്‍ ഫോണ്‍ പൊക്കിക്കാണിക്കുകയും മറ്റുള്ളവര്‍ തങ്ങള്‍ക്കുള്ള സ്വര്‍ണമാല, മോതിരം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

25 Comments:

Blogger അജിത്‌ | Ajith said...

Ajiths Nostalgic Thoughts എന്ന പേരൊക്കെ മാറ്റി നല്ലൊരു(?) മലയാളം പേരിട്ടു, ബ്ലോഗിന്‌.
വഴിയെ തിരിച്ചുപോകുമ്പോള്‍.. പിന്നെ Template ഉം മാറ്റി..

ഒരു പോസ്റ്റും ഇട്ടു.

'സോമരസവും ബേബി ഡയപ്പേര്‍സും..'

2:06 AM  
Blogger ശ്രീജിത്ത്‌ കെ said...

കലക്കി അജിത്തേ, അസ്സലായി. മാനേജറുടെ ബോധം പോയി എന്ന രംഗം മനസ്സില്‍ കണ്ട് ചിരി അടക്കാന് കഴിയുന്നില്ല.

വിവരണം നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍

2:16 AM  
Blogger അരവിന്ദ് :: aravind said...

കൊള്ളാം അജിത്തേ :-)

ഒരു ചെറിയ അഭിപ്രായം.
ബ്ലോഗ് പോസ്റ്റുകളില്‍ നിന്ന് ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചും മാനേജറെക്കുറിച്ചും ഉള്ള പ്രതിപാദ്യങ്ങള്‍ ഒഴിവാക്കുന്നതല്ലേ നല്ലത്? നിര്‍ദ്ദോഷകരമായ സംഗതികളാണ് എഴുതുന്നതെങ്കില്‍ പോലും ഓഫീസല്ലേ, പാരകള്‍ പല വിധമാണ്, ആരെങ്കിലും പോയി എന്തെങ്കിലുമൊക്കെ ആരോടെങ്കിലുമൊക്കെ പറഞ്ഞാല്‍...

ഗൂഗിളിലും മറ്റ് അമേരിക്കന്‍ സ്ഥാപനങ്ങളിലും കമ്പനിയെക്കുറിച്ചും മറ്റുമെഴുതി ജോലി പോയവരെക്കുറിച്ച് കേട്ടിട്ടില്ലേ? അത്രക്കൊന്നുമില്ലെങ്കിലും ഒരപ്രൈസല്‍ കുളമാക്കാന്‍ ഒരു പോസ്റ്റും ഓഫിസില്‍ ഏതെങ്കിലും ഒരു പാരയും മതി. :-)

(ഗൌരവ് സാബനിസ്, ഐ.ഐ.പി.എം സംഭവും കേട്ടിരിക്കുമല്ലോ?)

ഞാന്‍ ബ്ലോഗ് തുടങ്ങിയപ്പോള്‍ ഇങ്ങനെ ആലോചിച്ചതാണ്. അതാണ് രസകരമായ പലതും എഴുതാത്തതും. :-)

2:27 AM  
Blogger bodhappayi said...

വര്‍ണ്ണന കിടിലം. അര്‍ദ്ധബോദ്ധാവസ്ഥയിലുള്ള മീറ്റിംഗ്‌, ബിയരിന്റെ പേര്‍ കേല്‍ക്കെ ഞെട്ടിയുണരുന്ന പുലികല്‍ എല്ലാം കലക്കി... :)

2:36 AM  
Blogger ചില നേരത്ത്.. said...

സോമരസം (കഥ) നന്നായി ആസ്വദിച്ചു..
കോണ്‍ഫ്രന്‍സിടയ്ക്കുള്ള ചോദ്യത്തിന്റെ വരവ് ചിരിപ്പിച്ചു.

തുടര്‍ന്നും എഴുതൂ

2:54 AM  
Blogger ദില്‍ബാസുരന്‍ said...

അരവിന്ദ് പറഞ്ഞ കാര്യം ഞാനും പറയുന്നു. പ്രത്യേകിച്ചും ഐഡന്റിറ്റി എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന രീതിയില്‍ എഴുതുമ്പോള്‍..

ഐഡിയാ... ഓഫീസിലെ നമ്മുടെ ശത്രുവിന്റെ ഒറിജിനല്‍ പേരില്‍ മാനേജരെ പറ്റി ഒരു സംഭവ കഥയങ്ങ് ഒരു പുതിയ ബ്ലോഗായി കാച്ചിയാലോ? സംഭവം നമ്മള്‍ തന്നെ മാനേജരുടെ ശ്രദ്ധയിലും പെടുത്തുന്നു. ലവന്റെകാര്യം കട്ട പൊക!

അജിത് സംഭവം ശരിക്കും രസിച്ചു. പക്ഷെ കളി കാര്യമാവാതെ ശ്രദ്ധിക്കണം.

3:02 AM  
Blogger DD said...

Kollam! Iniyum ithu pole kathakal pratheekshikkunnu :)
Pinne engg samayathile aa katha ivide venam aayirunno ennoru samshayam...paranjaale athinu oru effect ulloo!

3:04 AM  
Blogger അജിത്‌ | Ajith said...

അരവിന്ദ്‌,ദില്‍ബാസുരന്‍, നല്ല ഒരു അഭിപ്രായമാണ്‌. ഇനി സൂക്ഷിക്കാം. മലയാളികള്‍ വളരെ കുറവാണു എന്ന ഒരു ആശ്വാസം എനിക്കുണ്ട്‌ ഇവിടെ. ബ്ലോഗില്‍ പറയുന്നത്‌ എല്ലാം എന്റെ പെര്‍സണല്‍ അഭ്പ്രായമാണെന്നു ഒരു Disclaimer ഇട്ടാലോ എന്നു ഒരു ആലോചനയും ഉണ്ട്‌. Technical ബ്ലോഗുകളില്‍ ഇത്തരത്തില്‍ Disclaimers കണ്ടിട്ടുണ്ട്‌.

ശ്രീജിത്തേയ്‌, കുട്ടപ്പാ, ഇബ്രൂ, DD, നന്ദി

3:29 AM  
Blogger കലേഷ്‌ കുമാര്‍ said...

അജിത്തേ, സംഭവം കൊള്ളാം!
അരവിന്ദ് പറഞ്ഞ കാര്യം ശ്രദ്ധിക്കു.

3:31 AM  
Blogger ഇടിവാള്‍ said...

അജിത്തേ... വിവരണം ഉഗ്രനായി !

അരവിന്ദിന്റെ അഭിപ്രായം ശരിയാണൂ മാഷേ ! എന്തിനാ വെറുതെ, പപ്പു പറഞ്ഞ പോലെ ഒരു "ഡിസ്ക്ക്‌" എടുക്കുന്നെ !

എന്നിരിക്കിലും....ഈ വക രസികന്‍ അനുഭവങ്ങല്‍, തീര്‍ച്ചയായും പങ്കു വെക്കേണ്ടതു തന്നെ ! അതിനായി, താങ്കളുടെ പ്രൊഫെയിലില്‍ നിന്നും ഡീറ്റെയില്‍സ്‌ മാറ്റിയാല്‍ മതി. ഒറിജിനല്‍ പേരിനു പകരം ചെറിയൊരു നിക്ക്‌ നെയിം !

എന്തായാലും, രസാനുഭവങ്ങള്‍, ഇനിയും പോരട്ടേ !

4:06 AM  
Blogger മുല്ലപ്പൂ || Mullappoo said...

സോമരസം കഥ കൊള്ളാം

5:11 AM  
Blogger ബിന്ദു said...

എല്ലാവരും കൂടി പേടിപ്പിച്ചു അല്ലേ? പുതിയ പേരും, ടെമ്പ്ലേറ്റും കൊള്ളാം. വിവരണവും നന്നായി.:)

5:40 AM  
Anonymous Anonymous said...

Ajithe

Athu nee kalakki..

Vivaranam valare nannyittundu..

Enikku ithu sarikkum manasil kanan kazhiyunnundu :).

Aravind paranja karyangale kurichu ithil pedikkendathilla :).

Karanam Njan mathramayirunnalo ithil ega mallu sakshi :).

Agson Chellakudam

7:00 AM  
Blogger കുഞ്ഞന്‍സ്‌ said...

ഞാനീ ഡേറ്റാബേസ് ഡേറ്റാബേസ് എന്ന് കേട്ടിട്ടേയുള്ളൂ എന്തിനുള്ളതാണെന്ന് ഇപ്പോഴല്ലേ മനസിലായത്.

“ബിയര്‍-നാപ്പി റിലേഷന്‍ഷിപ്‌ എന്ന പേരില്‍ പഠനങ്ങള്‍ ” എന്റമ്മോ എന്തായിരുന്നിരിക്കും ഫലം ?!

3:39 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

ഡൌട്ട്‌ കൊള്ളാം..
ഒരു ഒന്നൊന്നര അനസ്തേഷ്യയോളം വരും ഇല്ലേ..?
പോസ്റ്റ്‌ കലക്കിയെടാ കുട്ടാ..

ഞങ്ങളുടെ നാട്ടില്‍ കമ്പ്യൂട്ടര്‍ സാക്ഷരതയെപ്പറ്റി ക്ലാസ്സെടുക്കാന്‍ കോട്ടും,സൂട്ടും,അമേരിക്കന്‍ കോണകവുമൊക്കെ അണിഞ്ഞ്‌ ഒരു ആക്രി ലാപ്‌ ടോപ്പുമായി ഒരു ക്ലിമ്പനെത്തി.
നേരത്തെ നോട്ടീസ്‌ വിതരണം നടത്തിയിരുന്നത്‌ കൊണ്ട്‌ കലുങ്ക്‌ കാസനോവകളും, കള്ളു ഷാപ്പ്‌ ഗായകരും, പെന്‍ഷന്‍ വാങ്ങി മൂക്കില്‍ പഞ്ഞി പ്രതീക്ഷിച്ചിരിയ്ക്കുന്ന പോയ കാല തൊഴിലാളി വീരന്മാരും , അവരുടെ അന്നത്തെ കണ്മണി വൃന്ദങ്ങളും എല്ലാം അറ്റന്‍ഷനില്‍ 'പ്രസന്റ്‌ സാര്‍..' പറഞ്ഞു. കൂട്ടത്തില്‍ ഷാപ്പ്‌ ഗാനമേളയിടെ ആസ്ഥാനഗായകന്‍ കുടിയന്‍ മാത്തച്ചനും.
'ലേഡീസ്‌ ഏന്റ്‌ ജെന്റില്‍മെന്‍... കമ്പ്യൂട്ടര്‍ ഈസ്‌ എ.....'
ക്ലിമ്പന്‍ തുടങ്ങി..
അങ്ങ്‌ പിറകില്‍ കുത്തിയിരുന്നുറക്കം തുടങ്ങിയ തോമാച്ചന്‍ ഏറ്‌ കിട്ടിയ പാണ്ടന്‍ നായയെ പോലെ ചാടിയെഴുന്നേറ്റ്‌, ഇല്ലാത്ത സട കുടഞ്ഞലറി...
'അടിയെടാ ആ നായിന്റെ മോനെ....'
..
..
ക്ലിമ്പന്‍ ചിറകു വിരിച്ച്‌ പറന്നു.
എല്ലാവരും സാക്ഷരര്‍..!

11:17 PM  
Blogger അജിത്‌ | Ajith said...

കലേഷ്‌, മുല്ലപ്പൂ, നന്ദി

ഇടിവാള്‍ജീ നിക്ക്‌ നെയിം ഇടുന്ന കാര്യം പരിഗണനയിലാണ്‌

ബിന്ദുവേടത്തീ ഞാന്‍ പേടിച്ച്‌ ഒരു വഴിക്കായി : (

അഗ്സണ്‍, DD ഇവിടെ പോയാല്‍ ഓണ്‍ലൈന്‍ ആയി മലയാളം ടൈപ്‌ ചെയ്യാം

കുഞ്ഞന്‍സ്‌, ഡാറ്റാബേസ്‌ എന്താണെന്നു മനസിലായല്ലോ.. ഇതിനെ ഒരു ടെക്‌ ബ്ലോഗ്‌ ആയി പ്രഖ്യാപിച്ചാലോ?

വര്‍ണമേഘം, ക്ലിമ്പന്‍ പോയ വഴി പിന്നെ പുല്ല്‌ കിളിര്‍ത്തില്ല അല്ലേയ്‌?

4:49 AM  
Blogger പെരിങ്ങോടന്‍ said...

അജിത്തേ വായിക്കുവാന്‍ താമസിച്ചുപോയി, ബ്ലോഗ് നന്നായിരിക്കുന്നു. കെട്ടിലും മട്ടിലും വരുത്തിയ മാറ്റങ്ങളും ഇപ്പോഴാ ശ്രദ്ധയില്‍ പെട്ടതു്.

6:25 AM  
Blogger അജിത്‌ | Ajith said...

പെരിങ്ങോടന്‍, നന്ദിയുണ്ട്‌.
പിന്നെ പ്രൊഫെയില്‍ ഫോട്ടോ കാണുന്നില്ല. googlepages bandwidth കഴിഞ്ഞെന്നു തോന്നുന്നു.

2:43 AM  
Blogger Adithyan said...

അജിത്തേ ഇത് ഉഗ്രന്‍... ;) കുറെ ചിരിച്ചു.

നേരത്തെ വായിച്ച് കമന്റ് ചെയ്യാന്‍ മറന്നതാണ്. ഇത്തവണ മറക്കുന്നില്ല. :)

6:31 PM  
Blogger Peelikkutty!!!!! said...

This comment has been removed by a blog administrator.

2:34 AM  
Blogger Peelikkutty!!!!! said...

അജിത്തെ,ഒരുപാട് വൈകിയാ വായിച്ചേന്നറിയാം!.എഴുതിയതെല്ലാം ഒന്നിനൊന്നു മെച്ചം.


qw_er_ty

2:37 AM  
Blogger വിഷ്ണു പ്രസാദ് said...

ഇതാണ് നര്‍മം.അജിത്, അഭിനന്ദനങ്ങള്‍...

2:58 AM  
Blogger തറവാടി said...

അജിത്ത് ,

നന്നായിരിക്കുന്നു , വീണ്ടും എഴുതൂ

3:13 AM  
Blogger ബത്തു.. said...

അജിത്‌ ,
രസകരമായ വിവരണം.
സംശയം കേട്ട മാനേജറുടെ അവസ്ഥ ആലോചിച്ച് ശരിക്കും ചിരിച്ചു.

5:26 AM  
Blogger അജിത്‌ | Ajith said...

ആദീ,പീലീ, വിഷ്ണൂ, തറവാടീ, ബത്തൂ നന്ദിയുണ്ട്.. ഈ എരിയയില്‍ ഒക്കെ വന്നിട്ടു കുറെ നാളായായിരുന്നു.

10:49 PM  

Post a Comment

<< Home