Thursday, December 13, 2007

മഡിവാലയില്‍ ഒരു വെളുപ്പാന്‍ കാലത്ത്..

ഞാന്‍ വീണ്ടും തിരിഞ്ഞു കിടന്നു. പാതി തുറന്ന കണ്ണുകളാല്‍ പുറത്തേക്കു പാളി നോക്കി. സൈന്‍ ബോര്‍ഡുകളില്‍ മലയാളം അക്ഷരങ്ങള്‍ മാറി തമിഴ്‌ തെളിഞ്ഞു കാണുന്നു. വാളയാര്‍ കഴിഞ്ഞിരിക്കണം. സ്വന്തം നാട്‌ എതാണ്ട്‌ 70 km/h സ്പീഡില്‍ എന്നില്‍ നിന്നും അകന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്‌ ഒരു വേദനയോടെ ഞാന്‍ തിരിച്ചറിഞ്ഞു. പരോള്‍ കഴിഞ്ഞു വരുന്ന ഒരുവന്റെ മാനസികാവസ്ഥ.

തൊട്ടടുത്ത സീറ്റിലിരിക്കുന്ന ഒരു 'സല്‍മാന്‍ ഖാന്‍' എട്ടു ദിക്കും പൊട്ടുമാറു കൂര്‍ക്കം വലിക്കുന്നു. കൊമ്പന്‍ മീശയും കുടവയറും ഉള്ളവര്‍ മാത്രമെ കൂര്‍ക്കം വലിക്കുകയുള്ളൂ എന്നായിരുന്നു എന്റെ ധാരണ. അല്ല, സല്‍മാന്‍ ഖാന്മാരും കൂര്‍ക്കം വലിക്കും. ഞാന്‍ വാച്ച്‌ നോക്കി പന്ത്രണ്ട്‌ കഴിഞ്ഞിരിക്കുന്നു. തൊട്ടടുത്ത സീറ്റിലെ ഒരു മെലിഞ്ഞ സുന്ദരന്‍, ആരോടോ ഫോണില്‍ കൂടി ഒലിപ്പിക്കുന്നു. ഒരു ബക്കറ്റ് കിട്ടിയിരുനെങ്കില്‍ ഒരു ഒന്നന്നര ബക്കറ്റ് കോരി കളയമായിരുന്നു. പണ്ട് ജാക്ക് എന്നൊരു മനുഷ്യന്‍ ഒലിപ്പിച്ച് ഒലിപ്പിച്ചു ടൈറ്റാനിക് മുക്കിയ കാര്യം ഞാന്‍ വെരുതേ ആലോചിച്ചു.

പതിയെ ആ സത്യം ഞാന്‍ മനസിലാക്കി. ഇല്ല, അവര്‍ തോറ്റു പിന്മാറിയിട്ടില്ല. പാലക്കാട്‌ കഴിഞ്ഞപ്പോള്‍ അശ്വമേധം മതിയാക്കി വിശ്രമത്തിലായ മൂട്ടകള്‍ വീണ്ടും തല പൊക്കിയിരിക്കുന്നു. കാലുകളിലെ തേരോട്ടം മതിയാക്കി ഇപ്പോള്‍ കഴുത്തിനു പുറകിലായാണ്‌. സ്വന്തം നാടിനേയും ബന്ധുക്കളേയും പിരിഞ്ഞു വരുന്ന ഒരുവനെ വീണ്ടും കുത്തിനോവിക്കാന്‍ വണ്ണം ക്രൂരന്മാരാണോ ഈ മൂട്ടകള്‍? ഒരെണ്ണത്തിനെയെങ്കിലും കിട്ടിയാല്‍ കഴുത്തു ഞെരിച്ച്‌ കൊന്നു കളയാമെന്ന വ്യാമോഹത്തോടെ ഞാന്‍ കഴുത്തിലൂടെ ഒന്നു പരതി നോക്കി. മൂട്ട പോയിട്ടു മൂട്ടയുടെ ഒരു മുട്ട പോലും കിട്ടിയില്ല.

ഞാന്‍ ചുറ്റും നോക്കി. മിക്കവരും ഗാഢനിദ്രയിലാണ്‌. ഇനി ഈ മൂട്ടകള്‍ യക്ഷിമാരെ പോലെ ആണോ? സുന്ദരന്മാരായ യുവാക്കളില്‍ നിന്നു മാത്രം ചോര കുടിക്കുന്ന യക്ഷി. ആയിരിക്കും അല്ലെങ്കില്‍ ഈ ബസില്‍ എന്നെ മാത്രം തെരഞ്ഞു പിടിച്ച്‌ കടിക്കില്ലല്ലോ.

ഞാന്‍ വീണ്ടും ചുറ്റും നോക്കി, എന്റെ ദുഖം പങ്കിടാന്‍ ഒരു പങ്കാളിയെ തേടി. അപ്പോഴാണ്‌ മുന്നിലൊരു സീറ്റിലിരുന്നു ചൊറിയുന്ന കൊലുന്നനെയുള്ള ആ സുന്ദരിയെ ഞാന്‍ കണ്ടത്‌. എന്റെ അതേ വേവ്‌ ലെങ്ങ്‌തിലുള്ള മറ്റൊരാളെ കണ്ടപ്പോള്‍ എന്റെ മനസ്‌ തരളിതമായി. കുഴച്ച ചപ്പാത്തി മാവിന്റെ നിറമുള്ള ആ സുന്ദരി ചൊറിയുന്നതിനിടെ എന്നെ ശ്രദ്ധിച്ചു. കണ്ണുകള്‍ തമ്മില്‍ ഹെഡ്‌ റ്റു ഹെഡ്‌ കൊളിഷന്‍ നടന്നു. തികച്ചും കാഷ്വല്‍ ആയി ചൊറിഞ്ഞു കൊണ്ടിരുന്ന അവള്‍ യാന്ത്രികമായി ചൊറിയാന്‍ തുടങ്ങി.

യൂറിനല്‍ ബ്ലാഡറിന്റെ വലിപ്പം മിനിമം ഒരു 1000 cc എങ്കിലും ആക്കാത്തതിനു ദൈവത്തിനെയും പഴിച്ചു കൊണ്ട്‌ അടുത്ത പെട്രൊള്‍ പമ്പും സ്വപ്നം കണ്ടിരിക്കാറുള്ള ഞാന്‍ ഈ യാത്ര അവസാനിക്കരുതേയെന്നു പ്രാര്‍ഥിച്ചു. ഞാന്‍ ചൊറിഞ്ഞു. വീണ്ടും വീണ്ടും ചൊറിഞ്ഞു. ആ ചൊറി എന്റെ മനസ്‌ കുളിര്‍പ്പിച്ചു. കാത്തിരുന്ന പെണ്ണിനെ കണ്ടുമുട്ടിയവന്റെ സ്വപ്ന സാക്ഷത്കാരത്തിന്റെ വികാരതള്ളിച്ചയില്‍, ചൊറിഞ്ഞിടത്തെ വേദന, അലിഞ്ഞലിഞ്ഞില്ലാതെയായി. കയ്യില്‍ തടഞ്ഞ ഒരു മൂട്ടയെ ഞാന്‍ നളന്‍ ഹംസത്തെയെന്ന പോലെ തലോടി. എന്റെ ദമയന്തിയെ കാട്ടിതന്ന കൂട്ടുകാരാ, തെറ്റിദ്ധരിച്ചതിനു മാപ്പ്‌. എന്റെ എല്ലു മാത്രമുള്ള ശരീരത്തില്‍ നിന്നും ബ്ലഡ്‌ കുടിക്കാന്‍ വൃഥാശ്രമം നടത്തിയിരുന്ന അതിനെ ഞാന്‍ സ്നേഹവായ്പോടെ എടുത്ത്‌ 'സല്‍മാന്‍ ഖാന്റെ' പുറത്ത്‌ വെച്ചു കൊടുത്തു.

ഞാന്‍ രമണനും അവള്‍ ചന്ദ്രികയുമായി. ഞങ്ങള്‍ പുഴയോരങ്ങളില്‍ ആടിനെ മേയ്ച്ചു നടന്നു. പിന്നെ ഞാന്‍ ജാക്കും അവള്‍ റോസുമായി. ബസിന്റെ ജനലില്‍ കൂടി ഞങ്ങള്‍ തുപ്പിക്കളിച്ചു.

ഒരു മൂട്ടയെ പിടിക്കാനെന്ന വ്യാജേന അവള്‍ മെല്ലെ തിരിഞ്ഞ്‌ ഒന്നു കണ്ണെറിഞ്ഞു. 'കൊണ്ടു, ദര്‍ഭ മുന കാലിലെന്നു വെറുതെ നടിച്ച്‌....' ശാകുന്തളം എന്റെ മനസില്‍ ഒരു ഫ്ലാഷ്‌ ബാക്കായി കടന്നു വന്നു. കാലില്‍ മുള്ള്‌ കൊണ്ടെന്നു വെറുതെ നടിച്ച്‌, തിരിഞ്ഞു ദുഷ്യന്തനെ നോക്കുന്ന ശകുന്തള. പുറകെയിരുന്നു മൂട്ടയെ പിടിക്കുന്ന ദുഷ്യന്തന്‍. ഞാന്‍ ബസിലെ ടിവി സെറ്റിലേക്കു നോക്കി. അതാ അതില്‍ കണ്വാശ്രമം തെളിഞ്ഞു വരുന്നു. ഓടി നടക്കുന്ന മാന്‍ പേടകള്‍, മുല്ലവള്ളികള്‍, മൂളിപ്പറക്കുന്ന വണ്ടുകള്‍. അതാ ദുഷ്യന്തനും ശകുന്തളയും നൃത്തം ചെയ്യുന്നു, കൂടെ മൂട്ടകള്‍ ചിറക്‌ വിരിച്ചാടുന്നു. 'നിംബൂട നിംബൂട നിംബൂട' ബാക്ക്ഗ്രൗണ്ടില്‍ നിന്നും സ്റ്റീരിയൊ നാദം.

സംഘനൃത്തം കഴിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടി ഉണര്‍ന്നു,ബസ്‌ മടിവാലയെത്തിയിരിക്കുന്നു. ഞാന്‍ ചുണ്ടിനു ചുറ്റും പറ്റിയിരുന്ന തേനുംവയമ്പുമെല്ലാം തുടച്ചു സീറ്റില്‍ തേച്ചു. തലേന്നു കഴിച്ച പോറോട്ടയും ബീഫ് ഫ്രൈയും കൂടെ ചേര്‍ന്നു പ്രതിപ്രവര്‍ത്തിച്ചു മനസിലെ റൊമന്റിക് മൂഡിനെ ഗണ്യമായ തോതില്‍ കുറച്ചിരിക്കുന്നു. എല്ലാവരും പുറത്തിറങുന്ന തിരക്കിലായിരുന്നു. ബസിനു പുറത്തിറങ്ങിയപ്പോള്‍ ഞാന്‍ അവളെ പ്രതീക്ഷയോടെ നോക്കി, അവള്‍ നോക്കിയില്ല. അവള്‍ ഓട്ടോക്കാരനുമായി വില പേശുന്ന തിരക്കിലായിരുന്നു. അവള്‍ ഓട്ടോയില്‍ കയറി യാത്രയായി. ഓട്ടോയുടെ പുറകിലെ പോളിത്തീന്‍ വിന്‍ഡോയില്‍ അവള്‍ ലിപ്സ്റ്റിക്‌ കൊണ്ട്‌ സ്വന്തം നമ്പര്‍ എഴുതുമെന്നു ഞാന്‍ മോഹിച്ചു. ഷേവിംഗ്‌ ലോഷന്റെ പരസ്യസന്ദര്‍ഭം സ്വന്തം ജീവിതത്തിലും സംഭവിക്കുമെന്നു കരുതിയ ഞാന്‍ വെറും മണ്ടന്‍.

അന്തരാത്മാവിന്റെ ബേസ്‌മന്റ്‌ ഫ്ലോറില്‍ നിന്നും ഇരമ്പികയറിയ വ്യസനത്തെ പ്രാക്റ്റികാലിറ്റി കൊണ്ട്‌ മറികടന്ന ഞാന്‍ സ്വന്തം പച്ചരി പ്രശ്നത്തിന്റെ ശാശ്വത പരിഹാരത്തിനായി ബസ്റ്റോപ്പിലേക്കു നടന്നു. ബസിലിരുന്നു ഒരു തീരുമാനത്തിലെത്തിയിരുന്നു, ഇന്നു തന്നെ ഒരു ന്യൂറോളജിസ്റ്റിനേ(ഞരമ്പ്‌ രോഗവിദ്ഗ്ദ്ധനെ) കാണണം,അല്ലെങ്കില്‍ ഏതെങ്കിലും ഒരു മാട്രിമോണിയല്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

നോട്ട്‌ :പ്രിയേ, അന്നു മൂട്ടകളെയും പൂര്‍ണചന്ദ്രനേയും വോള്‍വൊ എഞ്ജിനേയും സാക്ഷി നിര്‍ത്തി നമ്മള്‍ കൈമാറിയ മൗനരാഗത്തിന്റെ അദൃശ്യ തരംഗങ്ങള്‍ നീ മറന്നുവോ? എവിടെയാണ്‌ നീ? മടിവാലയില്‍, കലാശിപാളയില്‍ നിന്നെയും തേടി അലയുകയാണു, ഈ മന്മഥന്‍ ചേട്ടന്‍.

13 Comments:

Blogger വാല്‍മീകി said...

എന്റെ മന്മഥന്‍ ചേട്ടാ... അപ്പൊഴേ കേറി മുട്ടണ്ടേ. ചേയ്, എല്ലാം കളഞ്ഞു കുളിച്ചു.

അപ്പൊ പറഞ്ഞുവന്നത് എന്താണെന്നു വെച്ചാല്‍...
ബൂലോകത്തേക്ക് സ്വാഗതം.

8:44 PM  
Blogger ശ്രീ said...

ഹ ഹ... രസകരമായ വിവരണം.
“ഞാന്‍ രമണനും അവള്‍ ചന്ദ്രികയുമായി. ഞങ്ങള്‍ പുഴയോരങ്ങളില്‍ ആടിനെ മേയ്ച്ചു നടന്നു. പിന്നെ ഞാന്‍ ജാക്കും അവള്‍ റോസുമായി. ബസിന്റെ ജനലില്‍ കൂടി ഞങ്ങള്‍ തുപ്പിക്കളിച്ചു.”

:)

8:53 PM  
Blogger ജിഹേഷ് എടക്കൂട്ടത്തില്‍|Gehesh| said...

എന്റെ അമ്മോ...വിവരണം വളരെ രസകരം....:) ഇനിയും പോരട്ടേ..
ഈ ബ്ലോഗ് ആരും കാണാതെ കിടക്കുകയാണല്ലോ....:(


ഈ വേര്ഡ് വെരിഫിക്കേഷന് ഒഴിവാക്കികൂടെ?

qw_er_ty

10:11 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:“ബസിന്റെ ജനലില്‍ കൂടി ഞങ്ങള്‍ തുപ്പിക്കളിച്ചു.” അത് കലക്കി.

വോള്‍വോ ബസ്സിന്റെ ജനലില്‍ തുപ്പിയാല്‍ അതവിടെ തന്നെ ഇരിക്കും ട്ടാ. അതിനെവിടാ ജനല്‍!!!

12:58 AM  
Anonymous Sandeep said...

ajithe kidilan vivaranam.. :)

8:37 AM  
Blogger തഥാഗതന്‍ said...

ഹെന്റമ്മോ..എടാ കാലമാടാ‍.. എന്തൊരു എഴുത്ത്.. എന്നിട്ട് ഇതൊന്നും എഴുതാതെ ഒരു വര്‍ഷത്തിലധികമായി മൌനിച്ചിരിക്കുകയായിരുന്നു അല്ലെ.. ഇനി ഇടയ്ക്കിടെ ഇങ്ങനെ ഉള്ള ഇടിവെട്ട് സാധനനങ്ങള്‍ പോസ്റ്റിയില്ലെങ്കില്‍ ... അറിയാമല്ലൊ..എന്റെ ഓഫീസില്‍ നിന്ന് ഒന്നര കിലോമീറ്ററെ ഒള്ളു നിന്റെ ഓഫീസില്‍ എത്താന്‍..ജാഗ്രതൈ

9:09 PM  
Blogger Nayana said...

Dey, nice reading..Upamakalokke nannyittundu. Hasyavum nalla pole kaikaryam cheythittundu. Sahithya nabbomandalathil iniyum orayiram kollam virajikkan kazhiyatte ennu ashamsikkunnu.

11:25 PM  
Blogger Nesmel said...

മൌനാനുരാഗത്ത്തിന്റെ ബാക്കി പത്രം വല്ലതും തടഞ്ഞോ എന്നറിയാന്‍ ഈ അടിയന് ഒരു ആകാംക്ഷ ..!

12:22 AM  
Blogger raadha said...

ഹി ഹി ഹി..
ചിരിക്കാതെ വയ്യ..
നന്നായിട്ടുണ്ട്..നല്ല എഴുത്ത്..
ഇനിയും എഴുതുക..
:)

3:11 AM  
Blogger മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

രസകരമായ വിവരണം.

12:17 AM  
Blogger Lishar said...

entammooo... takarppan.... ninakku nalla baviyundu... good job! i enjoyed it.. Keep writing....

10:13 AM  
Anonymous Anonymous said...

That was very enjoyable read. Great imagination and good humour.Keep blogging.

8:20 AM  
Blogger Deepak Ramakrishnan said...

:-) kidilam...

11:16 AM  

Post a Comment

<< Home