എഴുത്തിലെ ശൂന്യത
നാളുകൾക്ക് ശേഷം എഴുതാൻ ഇരുന്നപ്പോൾ മനസ്സ് ഒരു വെള്ള തിരശീല പോലെ ശൂന്യവുമായിരിക്കുന്നു. എഴുതാൻ മറന്ന നാളുകളിലെ ചില ഓർമ്മകൾ പൊടി തട്ടി എടുക്കാൻ ശ്രമിച്ചിട്ടും ഒന്നിനും ഒരു വ്യക്തത വരുന്നില്ല. അതോ പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറമുള്ള ജീവിതം തീർത്തും സംഭവ ബഹുലമോ ആവേശജനകമോ അല്ലാതെ തീരെ വരണ്ടു പോയിരിക്കുന്നുവോ? മാറ്റങ്ങൾ അനിവാര്യം തന്നെ , പക്ഷെ അവ നമ്മുടെ അസ്ഥിത്വത്തെ തന്നെ മാറ്റാൻ തക്കവണ്ണം ശക്തമായിരുന്നു എന്ന തിരിച്ചറിവ് ഏറെ വിഷമിപ്പിക്കുന്നു. അന്ന് കണ്ട മനുഷ്യരെ ഇന്നത്തെ ഈ കണ്ണടയിലൂടെ ഒന്ന് നോക്കിയപ്പോൾ വിചിത്രമായി തോന്നി. അന്ന് അടുക്കാൻ തോന്നിയ, ആരാധനയോടെ കണ്ട പലരും തന്നിൽ ഒരു കുഞ്ഞ് തീപ്പൊരി പോലും ഉണ്ടാക്കുന്നില്ല. തിരിച്ചും അങ്ങനെ തന്നെയാവണം. കാലം നെറി കെട്ടൊരു മാന്ത്രികൻ തന്നെ.
ഒരു എഴുത്തിനുള്ള സമയമായില്ലെന്നു വേണം കരുതാൻ.. അല്ലെങ്കിൽ അതിങ്ങനെ പേനത്തലപ്പിൽ തട്ടി നിക്കില്ല, അറിയാതങ്ങ് ഒഴുകും, കഥയും കഥാ പാത്രങ്ങളും. മെല്ലെ ഒന്ന് പുറകിലേക്ക് നോക്കിയപ്പോൾ ഇനിയും വായിക്കാത്ത ഒത്തിരി പുസ്തകങ്ങൾ ഷെൽഫിൽ പൊടിയും പിടിച്ചു ഇരിപ്പുണ്ട്. വായനയിലും മെല്ലെ പോക്ക് തന്നെയായിരുന്നു. വായനക്ക് വേണ്ടി പാകപ്പെടാത്ത മനസ്സിൽ എഴുത്തിനുള്ള ഉള്ളടക്കം ഉണ്ടാകും എന്ന് വാശി പിടിക്കുന്നതും തെറ്റാണ്. തൽക്കാലം പേന അടയ്ക്കാം, നിർത്താം. തുടങ്ങി വെച്ച കർണന്റെ വായന മുഴുവിപ്പിക്കാം, പിന്നെ മറ്റൊന്ന്.. അങ്ങനെ.
0 Comments:
Post a Comment
<< Home