Friday, June 23, 2006

അഷ്ടമിരോഹിണിനാളിലെന്‍..

അയല്‍ക്കാര്‍ പലപ്പോഴും അച്ഛനോടു പറഞ്ഞിട്ടുള്ള കാര്യമാണ്‌, 'മോനിവിടില്ലാത്തതല്ലേ, നമുക്ക്‌ ഒരു പട്ടിയെ വാങ്ങി വളര്‍ത്തിയാലോ?' (ഈ പറഞ്ഞ വാചകത്തിന്റെ ഇടയില്‍ കയറി വായിക്കാന്‍ ആരും നോക്കേണ്ട, ഇത്‌ കള്ളനെ പേടിച്ചു മാത്രമാണു). അന്നെല്ലാം അതു തള്ളി പോയത്‌ എന്റെ വീറ്റോ അധികാരം ഒന്നു കൊണ്ട്‌ മാത്രമായിരുന്നൂ.

ജനിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതല്ല ഈ പേടി. നായ്കളോടുള്ള എന്റെ സമീപനത്തില്‍ വലിയൊരു മാറ്റം തന്നെ വരുത്തിയ ആ സംഭവം നടക്കുന്നത്‌ ഒരു അഷ്ടമിരോഹിണി(ശ്രീകൃഷ്ണ ജയന്തി) ദിവസമാണ്‌. ഓണം അവധിയുടെ ആലസ്യം ഒക്കെ മാറുന്നതിനു മുന്‍പ്‌ വീണ്ടും കിട്ടിയ ഒരു അവധി ദിനം. വൈകിട്ടു 'വെച്ചു കൊടുക്കാന്‍' ഉള്ള പൊരിയും കല്‍കണ്ടവും പഴവും എല്ലാം പൂജാമുറിയിലെ ചുവരലമാരയില്‍ തയാറാക്കിക്കഴിഞ്ഞ്‌, അതില്‍ ഒരു പൂട്ടും വീണിട്ടുണ്ടായിരുന്നു. അതു എന്നെ ഉദ്ദേശിച്ചു മാത്രമാണെന്ന് മനസിലാക്കാനുള്ള വക തിരിവ്‌ ഒക്കെ എനിക്കു അന്നേ ഉണ്ടായിരുന്നൂ.

സമയം ഒന്‍പതോ പത്തോ ആയിക്കാണും. പടിപ്പുരയ്ക്കപ്പുറം കലപില സംസാരങ്ങളും ബഹളങ്ങളും ഒക്കെ കേട്ടു തുടങ്ങി. രാവിലത്തെ സെഷനുള്ളവര്‍ ഏതാണ്ടു ആയി എന്നു തോന്നുന്നൂ. അനീഷും ഉണ്ണിമോനും അവന്റെ ചേട്ടനും ഉണ്ട്‌. അപ്പോ ടൌണിലെ സ്കൂളിലും ഇന്നവധിയാണ്‌. എനിക്കു ടൌണിലെ സ്കൂള്‍ ആയിരുന്നു കൂടുതല്‍ ഇഷ്ടം. ബുധനാഴ്ച ഒഴിച്ച്‌ എല്ലാ ദിവസവും യൂണിഫോറം ഇടാന്‍ പറ്റുന്ന,സമരം ഉള്ള,ദിവസവും കബീര്‍ ബസ്സില്‍ കേറി പോവാന്‍ പറ്റുന്ന എന്റെ സ്വപ്നത്തിലെ സ്കൂള്‍. ഞാന്‍ ആണെങ്കിലോ മാസത്തില്‍ ഒരു തവണത്തെ 'തല ഒഴിയിറക്കലിനു' മാത്രമാണു അതിലൊന്നു കേറുക.

'ഞവരപച്ചയില്‍ ഇല വല്ലതും ഉണ്ടോ?'
ഉണ്ണിമോന്‍ നിക്കര്‍ വലിച്ചു കയറ്റിക്കൊണ്ടു ചോദിച്ചു.

ആ ഏരിയയില്‍ എന്റെ വീട്ടില്‍ മാത്രമെ ഞവരയില ഉള്ളൂ. സ്ലേറ്റ്‌ മായ്ക്കാന്‍ ഏറ്റവും വിശിഷ്ട്യം ആയതും കിട്ടാന്‍ ബുദ്ധിമുട്ടുള്ളതും കാട്ടു പച്ചയേക്കാളും മണവും ഗുണവും ഉള്ളതാണ്‌ ഈ ഞവരപച്ച. ഞവരപച്ച കശക്കി രണ്ടു പിടി പിടിച്ചാല്‍ എത്ര പഴയ സ്ലേറ്റും പുതു പുത്തന്‍ മോടിയാവും. സ്വന്തമായി രണ്ടു മൂടു ഞവരപച്ച ഉള്ളത്‌ കബീര്‍ ബസിലെ ദൈനം ദിന യാത്രയേക്കാളും പോയിന്റുകള്‍ പലപോഴും എനിക്കു വാങ്ങിതന്നിട്ടുണ്ടു.

'കിളിന്ത്‌ ഇല മാത്രമെ ഉള്ളൂ..'

ഒരു മുതലാളിയുടെ ഭാവത്തോടെ ഞാന്‍ മൊഴിഞ്ഞൂ.

'നാളെ രാവിലെ വന്ന് നോക്ക്‌'

ഒരു കണ്‍സഷന്‍ ഞാന്‍ കൊടുത്തു.

'ഉണ്ണിയേയ്‌....'

ഉണ്ണിമോനും അവന്റെ ചേട്ടനും വേണ്ടിയുള്ള വിളിയാണ്‌. രണ്ടു പേരും തങ്ങള്‍ക്കു പറ്റുന്ന വേഗത്തില്‍ ഓട്ടം തുടങ്ങി. ഇനി നിന്നിട്ട്‌ വലിയ കാര്യമൊന്നും ഇല്ലെന്ന് മനസിലാക്കിയിട്ടവണം അനീഷും തന്റെ 'വാഹനത്തില്‍' കയറി യാത്രയായി.

പടിപ്പുരയില്‍ നിന്നിട്ട്‌ എന്ത്‌ നടക്കാന്‍ എന്നോര്‍ത്തു ഞാന്‍ കുളിമുറിക്കു പുറകിലെ എന്റെ ഞവരതോട്ടത്തിലേക്ക്‌ നടന്നു. നല്ല മുറ്റിയാതെണെന്നു തോന്നിച്ച മൂന്നു നാലെണ്ണം പറിച്ച്‌ എന്റെ നിക്കറിന്റെ പോക്കറ്റില്‍ തിരുകി. തിരിഞ്ഞതും ഒരു രണ്ടു വാര അകലെ ഒരു പട്ടി, അതും എന്നെ നോക്കി. എന്റെ സ്വന്തം വീട്ടില്‍ എന്നെ പേടിപ്പിക്കാന്‍ പോന്നവനോ?

'ഗ്‌ര്‍ഗ്‌ര്‍ര്‍..'

അന്നു വരെ ഒരു പട്ടിയില്‍ നിന്നും കേട്ടിട്ടില്ലാത്ത ഒരു വല്ലാത്ത ശബ്ദം. ഞാന്‍ മെല്ലെ പിന്നോട്ടാഞ്ഞു. എന്റെ ആ ഭീരുത്വത്തിന്റെ സ്ക്വയറിന്റെ നേരനുപാതത്തില്‍ അവന്റെ വേഗം കൂടി. ഞാന്‍ അതു വരെ പുറപ്പെടുവിച്ചിട്ടില്ലാത്ത ഒരു ശബ്ദത്തോടെ താഴേക്ക്‌ വീണു. പിന്നത്തെ ഒരു 5 സെക്കന്‍ഡ്‌ ഇപ്പോഴും ഓര്‍മയില്ല.

ആരൊക്കെയോ ഓടി വന്നു. എന്നെ ഉമ്മറത്ത്‌ ഇരുത്തി. അപ്പോഴാണ്‌ ഞാന്‍ വലത്‌ തോളിലെ രണ്ടിഞ്ച്‌ നീളത്തിലെ മുറിവ്‌ കണ്ടത്‌. അയല്‍പക്കത്തെ എല്ലാപേരും എത്തിയിട്ടുണ്ട്‌. ഉണ്ണിമോനും അവന്റെ ചേട്ടനും.. അനീഷ്‌ ഇല്ല.

'ചിറയിന്‍കീഴ്‌ പോകേണ്ടി വരും'

ആരോ പറഞ്ഞു.

'പതിനാലെണ്ണം വെയ്ക്കണം..'

'ആരു പറഞ്ഞു, തെക്കേവിളയിലെ സുധാരന്റെ മോനു ആകെ അഞ്ചെണ്ണം മാത്രെ വെച്ചുള്ളൂ. പത്ഥ്യോം ഇല്ലായിരുന്നൂ.'

'അതിനു തിരോന്തരത്ത്‌ ജനലാശൂത്രീ പോണം'

'ഒന്‍പതെണ്ണം അധികം എടുത്താ പോരെയ്‌..'

സാമദ്രോഹി.. എന്താണു വിഷയമെന്നു മനസിലായിരുന്നെങ്കില്‍ അങ്ങനെ വിളിച്ചേനേയ്‌.

തര്‍ക്കം മുറുകുവാണ്‌.

'ഏതായാലും ചിറയിന്‍കീഴ്‌ പോയി നോക്കാം.. അവിടെ അഞ്ചെണ്ണം ആണെങ്കി അഞ്ച്‌, ഇല്ലെങ്കില്‍ പതിനാല്‌.'

അമ്മാവന്‍ രാവിലെ കണക്കു പരീക്ഷക്ക്‌ പോവാണൊ? അഞ്ച്‌, പതിനാല്‌, ഒന്‍പത്‌.....

മുറിവ്‌ ആരൊ കഴുകി, എന്നെ ഓണത്തിനു കിട്ടിയ പുതിയ നിക്കറിനുള്ളില്‍ എടുത്ത്‌ നിര്‍ത്തി. കഴിഞ്ഞ മാസം കള്ളനും പോലീസും കളിച്ചു വീണു ഇതിലും വലുതായി മുറിഞ്ഞിട്ടും ആരും ആശൂത്രീ കൊണ്ടു പോയില്ല. ഇപ്പോ എന്തെ??

'പട്ടി കടിച്ചാ കുത്തിവെക്കണം'

അവിടൊക്കെ കറങ്ങി നടന്ന ഉണ്ണിമോന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു.

എന്നിട്ടും എനിക്ക്‌ പതിനാലിന്റെയും അഞ്ചിന്റേയും എടപാട്‌ പിടികിട്ടിയില്ല.

'കബീര്‍ പോയി, ഇനി വല്ല ഓട്ടൊയും ഒഴിഞ്ഞു വരണം' അച്ഛന്‍ പിറുപിറുത്തു.

അങ്ങനെ കല്‍കണ്ടവും കഴിച്ച്‌ പാല്‍പായസവും കുടിച്ച്‌ വീട്ടിലിരിക്കേണ്ട ഞാന്‍ വരാനിരിക്കുന്ന കുത്തിവെപ്പിന്റെ നൊമ്പരവുമായി ത്രിചക്ര ശകടവും കാത്തു നില്‍പ്പായി.

അതാ വരുന്നു ഒരു കൂട്ട ഓട്ടം. കയ്യില്‍ കമ്പുകളും കല്ലുകളുമായി ഒരു ജനകൂട്ടം. തെങ്ങ്‌ കയറാന്‍ വരുന്ന രവി അണ്ണനാണു നേതാവ്‌. ജനക്കൂട്ടം അടുത്തെത്തിയപോഴാണു ഇവരെ നയിച്ച്‌ കൊണ്ട്‌ മുന്‍പെ ഓടുന്ന നമ്മുടെ നമ്മുടെ കഥാപാത്രത്തെ കാണുന്നത്‌, ഇത്തിരി മുന്‍പെ തെങ്ങിന്‍ ചോട്ടിലിട്ടു എന്റെ പെയ്ന്റ്‌ ചുരണ്ടിയെടുത്തവന്‍.

പേയില്ലാത്ത പട്ടി വെരുതേ ആരെയും കടിക്കില്ലത്രേ.. ഇനി ആര്‍ക്കും ചിറയിന്‍കീഴ്‌ പോകേണ്ടിവരാതിരിക്കാന്‍ വേണ്ടി സാമൂഹ്യ പ്രതിബദ്ധതയുള്ള നാട്ടുകാരുടെ വക കൂട്ട ഓട്ടം.

ശകടം വന്നെത്തി.. ഞരങ്ങിയും മൂളിയും ഒരു വിധം ചിറയിന്‍കീഴ്‌ താലൂക്ക്‌ ആശുപത്രി പടിക്കലെത്തി.

മരുന്നിന്റെ വല്ലാത്ത മണമുള്ള മങ്ങിയ പച്ച പെയ്ന്റടിച്ച ഓ.പി. വിഭാഗത്തിലേക്കു ഞങ്ങളെത്തപ്പെട്ടു. ഡോക്‍ടറില്‍ നിന്നു കിട്ടിയ കുറിപ്പടിയുമായി വീണ്ടും മറ്റൊരിടത്തേക്കു... വെള്ള ഉടുപ്പിട്ട ഒരു ചേച്ചി കയ്യില്‍ വെള്ളം പുരട്ടി ഒരു ചെറിയ കുത്ത്‌,ഒരു കുഞ്ഞ്‌ കട്ടെറുമ്പ്‌ കടിച്ച മാതിരി. ഇത്രയും ചെറിയ കുത്തിനേയാണൊ ഞാന്‍ പേടിച്ചത്‌? പതിനാല്‌ അല്ല ഒരു ഇരുപത്തിയഞ്ചയാലും ഞാന്‍ താങ്ങും.

കഴിഞ്ഞില്ല.. അതു വെറും അലര്‍ജി ടെസ്റ്റിംഗ്‌ ആയിരുന്നത്രേ. ഒരു വലിയ സിറിഞ്ചുമായി നേരത്തെ കുത്തിയ ചേച്ചി എന്നെ അകത്തോട്ടു കൂട്ടിക്കൊണ്ടു പോയി ഒരു ബെഡ്ഡില്‍ കിടത്തി. പൊക്കിളിനു പുറത്തായി നല്ലൊരു സ്ഥാനം കണ്ടെത്തി, ഒരു കുത്ത്‌. വീണ്ടും കട്ടെറുമ്പ്‌. ഞാന്‍ വീണ്ടും ഹാപ്പി. അതു നീണ്ടു നിന്നില്ല. കഞ്ഞി വെള്ളം പോലെ വെളുത്ത അര ലിറ്റര്‍ മരുന്ന് അകത്തോട്ടു കയറിയപ്പോയ ഒരു രണ്ടു മിനിട്ട്‌ നേരം, കണ്ടുപിടിക്കപ്പെട്ടതും ഇല്ലാത്തതുമായ എല്ലാ നക്ഷത്രങ്ങളേയും ഞാന്‍ കണ്ടു.ഈ ക്രൂരകൃത്യത്തിനു ശേഷം നഴ്‌സ്‌ ചേച്ചി ഒരു മുട്ടായി എങ്കെലും തരുമെന്നു കരിതിയ എനിക്കു തെറ്റി. ചേച്ചി കത്തിയും വലിച്ചൂരി, സോറി സിറിഞ്ചും വലിച്ചൂരി ഒന്നുമറിയാത്ത പോലെ അടുത്ത ഇരയെ തേടി പോയി.

ഇതു പോലത്തെ പതിമൂന്നു ദിനങ്ങള്‍ എനിക്കു വേണ്ടി കാത്തിരിക്കുന്നതായി അച്ഛനില്‍ നിന്നു മനസിലാക്കി. അനുഭവിച്ച വേദനയുടെ പ്രതിഫലമെന്നോണം, ബസ്റ്റാന്‍ഡില്‍ നിന്നു ഒരു പുതിയ ബാലരമ സ്വന്തമാക്കാന്‍ ഞാന്‍ മറന്നില്ല.

ദിനങ്ങള്‍ കടന്നു പോയി. എന്റെ പൊക്കിളിനു ചുറ്റും സൂചി കുത്താന്‍ സ്ഥലമില്ലാതായി. എന്നിട്ടും എവിടെ നിന്നെങ്കില്‍ പാട്ടത്തിനെടുത്തിട്ടായാലും ചേച്ചി ഒരു വിധം കുത്തി ഒപ്പിക്കും. ഇതിനകം തന്നെ ബാലരമ, ബാലമംഗളം, തത്തമ്മ തുടങ്ങിയ പലതിന്റെയും പഴയതും പുതിയതുമായ പല ലക്കങ്ങളും ഞാന്‍ സ്വന്തമാക്കിയിരുന്നു.

വൈകിയാണു ആ സന്തോഷ വാര്‍ത്ത ഞാന്‍ അറിഞ്ഞത്‌, ഇനി മൂന്നു മാസത്തേക്കു സ്കൂളില്‍ പോകണ്ടത്രേ. പത്ഥ്യത്തിനു സമ്പൂര്‍ണ വിശ്രമം വേണം പോലും. ഈ മൂന്നു മാസത്തേെക്കു എനിക്കൊരു ട്യൂഷന്‍ സാറും ഏര്‍പ്പാടായി, സാര്‍ വീട്ടില്‍ വന്നു പടിപ്പിക്കും. ആ പട്ടി ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ കുറച്ച്‌ ദൂരെ മാറി നിന്നൊരു നന്ദി പറയാമായിരുന്നു.

ഭക്ഷണസമയത്തു ഒഴികെ ഞാന്‍ സമ്പൂര്‍ണ സന്തോഷവാനായിരുന്നു. മൂന്ന് മാസത്തെ മെനു അതി ഭീകരവും പൈശാചികവുമായിരുന്നു. രാവിലെ ഉപ്പും തേങ്ങയും ഇടാത്ത ഒരു കുറ്റി പുട്ടും ഉപ്പിടാത്ത പുഴുങ്ങിയ പയറും ഒരു ഗ്ലാസ്‌ മധുരമില്ലാത്ത പാലും. ഉച്ചക്കു ഉപ്പിടാത്ത കഞ്ഞിയും പയറും, രാത്രിയും തഥൈവ.

ആ ഏരിയയില്‍ വളരെ നാളുകള്‍ക്കു ശേഷം പേപ്പട്ടി കടിക്കപ്പെട്ടവാനായ എന്നെ കാണാന്‍ സന്ദര്‍ശകരുടെ ഒരു പ്രവാഹം തന്നെ ഉണ്ടായിരുന്നു. ഇതു കൂടാതെ എന്നും വൈകുന്നേരങ്ങളില്‍ വന്നു AD 100 മുതലുള്ള എല്ലാ പട്ടി കടി ചരിതങ്ങളും വിളമ്പുമായിരുന്ന അവിടത്തെ മെയ്‌ന്‍ വല്യമ്മമാരും..

'എന്റെ അമ്മെടെ ചിറ്റമ്മേറ്റെ മൂത്ത മോന്‍, ശങ്കരപിള്ള, പത്ഥ്യം തീരുന്ന 89-ആം ദിവസം 23-ആം മണിക്കൂര്‍. ഇത്തിരി അച്ചാര്‍ എടുത്ത്‌ നാക്കില്‍ വെച്ചു നോക്കിയതാ.... എടുത്തില്ലേ അങ്ങോട്ടു...'

ഒരു വല്യമ്മ തൂണിന്മേല്‍ ചാരിയിരുന്നു വാതം പിടിച്ച കാല്‍ തടവിയിറക്കിക്കൊണ്ടു പറഞ്ഞു. വെള്ളത്തില്‍ നോക്കാന്‍ പാടില്ല, നാരങ്ങ ഇനി രണ്ടു വര്‍ഷത്തെക്കു കഴിക്കാന്‍ പാടില്ല, ദൈവഭക്തി വേണം തുടങ്ങിയ ഉപദേശങ്ങളും.

മാസങ്ങള്‍ കഴിഞ്ഞു പോയി. പണ്ടു ശങ്കരപിള്ളക്കു പറ്റിയ അബദ്ധം ആവര്‍ത്തിക്കാതിരിക്കാന്‍ മൂന്നു മാസത്തെ പത്ഥ്യം മൂന്നര മാസമായി നീട്ടപ്പെട്ടു. മൂന്നര മാസത്തിനു ശേഷം വീണ്ടും സ്‌കൂളിലേക്കു. കയ്യൊടിഞ്ഞു പ്ലാസ്റ്ററുമായി വരുന്നവനെ നോക്കുന്ന ആരാധനയോടെ ചിലര്‍. ചിലര്‍ക്കു കുത്തി ഇല്ലാതാക്കിയ ആ പൊക്കിള്‍ ഒന്നു കാണണം...

കാലചക്രം ഓടിക്കറങ്ങി. ഇവിടെ ഈ മഹാനഗരത്തിലും ശുനകവര്‍ഗത്തില്‍ പെട്ട ഏതെങ്കിലും ഒരു ജീവിയെ കണ്ടാല്‍, ഇപ്പോഴും, അടിവയറ്റില്‍ ഒരു പെരുപ്പും പൊക്കിളിനു ചുറ്റും ഒരു വിങ്ങലും എല്ലാം കൂടി ഒരു ഇലഞ്ഞിത്തറ മേളം തന്നെ നടക്കും.

Tuesday, June 13, 2006

പണി വരുന്ന വഴിയേ......

ഒരു ചെറിയ ഇടവേളക്കു ശേഷമാണു എഴുതുന്നത്‌, ബ്ലോഗ്ഗര്‍ പേജ്‌ തുറന്നു കണ്ടപ്പോള്‍, നീണ്ട അവധി കഴിഞ്ഞു സ്കൂളിലേക്കു വന്ന ഒരു പ്രതീതി. ഒരു വല്ലാത്ത ഒരു ഇത്‌...

എന്തായാലും വേണ്ടില്ല ഒരു പോസ്റ്റ്‌ അങ്ങു കാച്ചിയേക്കാമെന്നു വെച്ചപ്പൊള്‍ ലവന്‍ വന്നങ്ങു കുറുകെ വീണു. മറ്റാരുമല്ല നമ്മുടെ മിക്ക എഴുത്തുകാരുടേയും(ഞാന്‍ ഒന്നുമല്ലെങ്കിലും ഒരു ബ്ലോഗ്‌ എഴുത്തുകാരന്‍ ആണല്ലോ) പ്രശ്നം, വിഷയദാരിദ്ര്യം!! എന്നാല്‍ പിന്നെ, വിഷയദാരിദ്ര്യത്തെ കുറിച്ചു തന്നങ്ങു പറഞ്ഞേക്കാമെന്നു കരുതി. ഹും പല കൊലകൊമ്പന്മാരും എഴുതി എഴുതി ഇല്ലാതാക്കിയ വിഷയമാണു. വെറുതെ തൊട്ടു കൈ പൊള്ളിക്കണ്ട..

അല്ലെങ്കില്‍ പിന്നെ പെട്രോള്‍ വില വര്‍ധനവും അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വ്യതിയാനങ്ങളെ കുറിച്ചു രണ്ടു വാക്കങ്ങു തട്ടിയാലൊ, അതും വേണ്ട... എന്തു കൊണ്ടു ഈ 2-3 മാസത്തെ ഇടവേള എന്നങ്ങു എഴുതി തകര്‍ത്തേക്കാം.

സീന്‍ 1

രാവിലെ (11 AM ഉം രാവിലെ ആയി കണക്കാക്കറുണ്ട്‌) ഓഫീസില്‍ വന്നു വന്നു പതിവിന്‍ പടി ഗുഡ്‌ മോര്‍ണിംഗ്‌ മെസ്സേജുകളും(രാവിലെ റൂമില്‍ നിന്നു ഇറങ്ങിയപ്പോള്‍ 'നീ പണ്ടാരമടങ്ങി പോവുമെടാ' എന്നു പറഞ്ഞവന്റെ വക രണ്ടു മൂന്നു എണ്ണം ഉണ്ടായിരുന്നൂ) ഓര്‍കുട്ട്‌ സ്ക്രാപ്‌ നോട്ടിഫികേഷന്‍സും ഒക്കെ വായിച്ചു തീര്‍ത്ത്‌ ഇനി എന്തു എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി ചെയ്യാമന്നു കരുതി ഇരുന്നപ്പോഴാണു, ബ്ലോഗറില്‍ കയറി ഒന്നു രണ്ടു കമന്റൊ പുതിയൊരു പോസ്റ്റോ തന്നെ അങ്ങ്‌ എഴുതിയേക്കാമെന്നു കരുതിയത്‌.

ഐശ്വര്യമായിട്ടു വരമൊഴി എഡിറ്റര്‍ അങ്ങു ഓപ്പണ്‍ ചെയ്തു വെച്ചു. സരസ്വതി ദേവിയെ മനസില്‍ ധ്യാനിച്ചുകൊണ്ടു എഴുത്തു തുടങ്ങി 'എല്ലാ പേര്‍ക്കും നന്ദി'

'ഗുഡ്‌ മോര്‍ണിംഗ്‌'

ആരപ്പാ ഈ മെയില്‍ ഒക്കെ അയച്ചിട്ടു അതും പോരാഞ്ഞു വന്നു ഗുഡ്‌ മോര്‍ണിംഗ്‌ പറയുന്നത്‌ എന്നു കരുതി കുറച്ച്‌ നീരസത്തൊടെ ഒന്നു തിരിഞ്ഞു നോക്കി. എന്റെ സ്വന്തം മാനേജര്‍.

'വാട്ട്‌ ഇസ്‌ ദിസ്‌ ലാന്‍ ഗേജ്‌ മാന്‍?'

മലയാളിയായ ഞാന്‍ ഒറിയയില്‍ ബ്ലോഗ്‌ എഴുതേണ്ട ആവശ്യമില്ലല്ലോ

'മലയാളം, സര്‍'

'സോ യൂ ആര്‍ റൈറ്റിംഗ്‌ സംതിംഗ്‌ ഇന്‍ മലയാളം'

'യെസ്‌'

'ഓകെ വാട്ട്‌ ഹാപ്പെന്‍ഡ്‌ റ്റു ദാറ്റ്‌?'

'ഫിനിഷ്ഡ്‌ ഇറ്റ്‌ യെസ്റ്റര്‍ഡേ ഇറ്റ്‌ സെല്ഫ്‌'

'ഒക്കെ... യൂ കാരി ഓണ്‍'

പുള്ളി രംഗം വിട്ടു.

ഉം നല്ല സമയമല്ല എന്നു അമ്മ പറഞ്ഞതു എത്ര ശരിയാണു അല്ലെങ്കില്‍ പിന്നെ ഈ കൃത്യ സമയത്തു തന്നെ...

ഇതൊന്നും വലിയ സംഭവമല്ലല്ലൊ എന്ന മട്ടില്‍ വീണ്ടും തുടങ്ങിയപ്പോ അതാ ഫോണ്‍ മണി അടിക്കുന്നൂ. ഓഹ്‌ രാവിലത്തെ രണ്ടാമത്തെ കോഫിക്കുള്ള സമയമായി.

'അജിത്‌, കാന്‍ യൂ പ്ലീസ്‌ കം റ്റു മൈ കാബിന്‍?' പുള്ളി വിടാനുള്ള ഉദ്ദേശമില്ല

'ഷുവര്‍, സര്‍'

ദൈവമെ, മലയാളം എഡിറ്റര്‍ ഓഫിസ്‌ ടൈമില്‍ യൂസ്‌ ചെയ്യുന്നത്‌ ഇത്ര വലിയ തെറ്റാണോ? പതിവില്‍ കവിഞ്ഞ വിനയത്തോടെ ഞാന്‍ ഹാജരായി.

'അജിത്‌, കണ്‍ഗ്രാറ്റ്സ്‌, യൂ ആര്‍ ഗെറ്റിംഗ്‌ എ നൈസ്‌ ഓപ്പര്‍ച്യുണിറ്റി റ്റു എക്സല്‍ ഇന്‍.......'

ബാക്കി അങ്ങോട്ടു കേറിയിലാ... ഇതു പോതും സാര്‍, സംഭവം പിടി കിട്ടി. പുതിയ പണി കിട്ടിയതാണു. 'തീരുമ്പോള്‍ തീരുമ്പോള്‍ പണി തരാന്‍ ഞാന്‍ എന്താ കുടത്തില്‍ നിന്നും വന്ന ഭൂതമാ' എന്നു ചോദിച്ചാലോ എന്നു കരുതിയതാ( നിങ്ങള്‍ ഈ ഡയലോഗ്‌ വേറെ എവിടെയെങ്കിലും കേട്ടിട്ടുണ്ടെങ്കില്‍... സത്യമായിട്ടും ഞാന്‍ പഞ്ചാബി ഹൌസ്‌ കണ്ടിട്ടില്ല) പിന്നെ ഇതിനി ആംഗലേയത്തിലോട്ട്‌ മാറ്റി പുള്ളിക്കാരനെ മനസിലാക്കികൊടുക്കുന്നതിലെ ബുദ്ധിമുട്ടു കൊണ്ടും അപ്രൈസല്‍ എന്ന പേരില്‍ ചില മെയിലുകള്‍ കറങ്ങിനടക്കുന്നതിനാലും എന്റെ 'കോമണ്‍ സെന്‍സ്‌' ഇതിനെ തൊണ്ടയില്‍ വെച്ചു തന്നെ പിടി കൂടി.

'ഇഫ്‌ യൂ വാണ്ട്‌ എനി എക്സ്റ്റ്രാ ടൈം, ഐ ഡോണ്ട്‌ മൈന്റ്‌ യൂ കമിംഗ്‌ ഇന്‍ വീക്കെന്റ്സ്‌'

എല്ലാം പൂര്‍ത്തിയായി. മാനേജരുടെ പേരു ഗോപി എന്നായിരുന്നെങ്കില്‍ 'സന്തോഷമായി ഗോപിയേട്ടാ' എന്നു ഒരു ഡയലോഗ്‌ കൂടി അടിക്കാമായിരുന്നു. ഇപ്പൊ ഏതാണ്ടു ഉറപ്പായി എന്റെ സമയം തീരെ ശരിയല്ല! ഇതു മുന്‍ കൂട്ടി കണ്ട ആ മഹാനുഭവനെ കണ്ടിരുന്നെങ്കില്‍ ഒന്നു ദക്ഷിണ വെച്ചു വണങ്ങാമായിരുന്നു. അതോ സോഫ്റ്റ്‌ വെയര്‍ ഫീല്‍ഡിലാണു ജോലി എന്നു കേട്ടാല്‍ പറയുന്ന സ്ഥിരം പ്രവചനം ആണോ ഈ 'സമയം ശരിയല്ലായ്മ'. ആവൊ?

തിരിച്ച്‌ വീണ്ടും പഴയ തട്ടകത്തിലേക്ക്‌.

സീന്‍ 2 - സീന്‍ 23

ചിന്ത്യം...