Sunday, September 20, 2009

ജസ്റ്റിന്‍...

തിരക്കാര്‍ന്ന ജീവിതത്തിലെ തികച്ചും സാധാരണമായ ഒരു ദിനമായിരുന്നു അന്നും. ഫുഡ് കോര്‍ട്ടിലെ അതി വേഗത്തിലുള്ള പ്രഭാതഭക്ഷണവും കഴിഞ്ഞ് കുബിക്കിളിലെത്തി കമ്പ്യൂട്ടര്‍ തുറന്നു വെച്ചു. ഓണ്‍ലൈന്‍ പത്രം പതിവിലും നേരത്തെ തന്നെ ഇന്‍ബോക്സിലെത്തിയിട്ടുണ്ടായിരുന്നു. പണ്ട് വീട്ടില്‍ പത്രമിടുമായിരുന്ന ബാലണ്ണന്റെ സൈക്കിളിന്റെ ബെല്ലടിയും മഴയുള്ള ദിവസങ്ങളിലെ കുടയും പിടിച്ചുള്ള പത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പും പത്രത്തിന്റെ മണവും അമ്മയുടെ ചായയും എല്ലാം നഷ്ടസ്വപ്നങ്ങള്‍ പോലെ മിന്നി മറഞ്ഞു. ഇപ്പൊ ഇവിടെ ഈ തണുത്ത് മരവിച്ച കുബിക്കിളില്‍, ഈ എല്‍ സി ഡി സ്ക്രീനില്‍.. തിരക്കിന്റെ ലോകത്തിലേക്ക് ഊളിയിടുന്നതിന് മുന്‍പ് നാട്ടുവിശേഷങ്ങളിലേക്ക് ഒരു പി ഡി എഫ് ഫയലിലൂടെയുള്ള ഓട്ടപ്രദക്ഷിണം.

ഒന്നിലും മനസുറപ്പിച്ച് നിര്‍ത്താതെ തലക്കെട്ടുകളിലൂടെ മാത്രം ഓടി പോവുകയായിരുന്നു. രാഷ്ട്രീയ പോര്‍വിളികള്‍ക്കും കൊലപാതക സ്കോര്‍ കാര്‍ഡുകള്‍ക്കുമിടയില്‍ തികച്ചും യാദൃശ്ചികമായാണ് ജസ്റ്റിനെ പറ്റിയുള്ള വാര്‍ത്തയില്‍ കണ്ണുടക്കിയത്. ഞാവല്‍ പഴം കഴിച്ച് വിശപ്പടക്കാനായി മരത്തില്‍ കയറി താഴെ വീണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ജസ്റ്റിനെ പറ്റിയുള്ള വാര്‍ത്ത.

വേണ്ടപ്പെട്ടവരെന്നു പറയാന്‍ ജസ്റ്റിന് അമ്മ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ബാല്യകാലത്തിന്റെ ആദ്യ നാളുകളിലെവിടെയോ അച്ഛനെ നഷ്ടപ്പെട്ടു. സ്വത്തുക്കളായി ബാധ്യതകളും പ്രാരാബ്ധങ്ങളും മാത്രം ബാക്കിയായപ്പോള്‍ ബന്ധുക്കളേയും നഷ്ടപ്പെട്ടു. സ്വര്‍ണ കൊടിമരങ്ങളും നേര്‍ച്ച കുടങ്ങളും പണികഴിപ്പിക്കാന്‍ മത്സരിക്കുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ജസ്റ്റിനും അമ്മക്കും കയറി കിടക്കാന്‍ ഒരു വായന ശാലയുടെ ഇടിഞ്ഞു പൊളിഞ്ഞ ചായ്പ്പ് മാത്രം. അമ്മ ജോലിക്ക് പോകുന്ന വീട്ടില്‍ നിന്നും കൊണ്ട് വരുന്ന പൂപ്പല്‍ പിടിക്കാന്‍ തുടങ്ങിയ ബ്രഡും പഴകിയ ചോറുമെല്ലാം ജസ്റ്റിന് ഇഷ്ടഭോജ്യങ്ങളായിരുന്നു. തന്റെ ലാബ്രഡോറിന്റെ ദിവസ ചെലവിന്റെ കണക്ക് അഭിമാനത്തോടെ പറയുന്നവരുടെ നാട്ടില്‍ തന്നെയായിരുന്നു ജസ്റ്റിനും അമ്മയും.പെട്ടെന്നായിരുന്നു അമ്മക്കു അസുഖം മൂര്‍ശ് ചിച്ചതും ജോലിക്കു പോകുന്നത് നിര്‍ത്തേണ്ടി വന്നതും. ദയ തോന്നി ആരെങ്കിലും കൊടുക്കുന്ന എന്തെങ്കിലുമായി ജസ്റ്റിന്റേയും അമ്മയുടേയും ഭക്ഷണം. പതിയെ അതും കിട്ടാതായി. ജസ്റ്റിന്റെ സ്വപ്നങ്ങള്‍ വര്‍ണ ഉടുപ്പുകളോ വീഡിയോ ഗെയിമുകളോ ആയിരുന്നില്ല, വിശപ്പടക്കാനുള്ള ആഹാരവും അമ്മയുടെ കരയാത്ത മുഖവും ആയിരുന്നു.

അന്നത്തെ ദിവസം ജസ്റ്റിന്‍ പുറത്തെക്കിറങ്ങിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് രണ്ട് നാളായായിരുന്നു. പലരോടും ഭക്ഷണത്തിനായി യാചിച്ചു. ചിലര്‍ വെറുപ്പില്‍ തിരിഞ്ഞു നടന്നു. മറ്റ് ചിലര്‍, ഭിക്ഷക്കാരായ കുട്ടികളെ പ്രോത്സാഹിപ്പിച്ച് ഭിക്ഷാടന മാഫിയയെ വളര്‍ത്താനില്ലെന്നും താനൊരു ഉത്തമ പൗരനാണെന്നും വീമ്പിളക്കി. ചിലര്‍ക്കാകട്ടെ സുഖലോലുപതയുടെ ഫില്‍ട്ടര്‍ ഗ്ലാസില്‍ കൂടി ജസ്റ്റിനെ കാണാന്‍ കൂടി കഴിഞ്ഞില്ലായിരുന്നു. നടന്നു തളര്‍ന്ന ജസ്റ്റിന്‍ റോഡുവക്കത്തെ മുത്തച്ഛന്‍ ഞാവല്‍ മരത്തിനടുത്തെത്തി. മുന്‍പെങ്ങും ശ്രദ്ധിച്ചിട്ടില്ലാത്ത ഞാവല്‍ പഴങ്ങള്‍ അന്നവന്‍ കണ്ടു, ആര്‍‍ത്തിയോടെ മരത്തിലേക്ക് വലിഞ്ഞു കയറി. വിശപ്പ് ശമിപ്പിക്കാനുള്ള തത്രപാടില്‍, എങ്ങനെയോ പിടി വിട്ട് അവന്‍ താഴേക്കു വീണു. ഒരു ഞാവല്‍ പഴം മാത്രമാണെങ്കില്‍ കൂടി കൂകി കൂട്ടുകാരെ വിളിച്ച് പങ്കിട്ട് കഴിക്കാറുള്ള കാക്കകള്‍, സ്വാര്‍‍ഥനായ മനുഷ്യന്റെ ചെയ്തികളോടുള്ള പ്രതിഷേധമെന്നോണം ആ ഞാവല്‍ മരത്തില്‍ നിന്നും കൂട്ടത്തോടെ പറന്നു പോയി...

നന്മയുടെ ചെറിയ തരിയെങ്കിലും മനസില്‍‍ ബാക്കി വെച്ചിട്ടുള്ള ചിലര്‍ ജസ്റ്റിനെ ആശുപത്രിയിലാക്കി.ജസ്റ്റിന്റെ കഥ പത്രത്തിലുമെത്തി, ഇപ്പോ ഇതാ തന്റെ മുന്നിലും. മെയിലുകള്‍ കുന്നു കൂടി കിടക്കുന്നു, വീണ്ടും ജോലിയിലേക്കു തിരിഞ്ഞു. ഡെലിവറി, ഡിഫക്ടുകള്‍... അതിന്റെയൊക്കെയിടയില്‍ ജസ്റ്റിന്റെ കഥ എവിടെയോ മറഞ്ഞു.

ഉച്ചക്ക് ഫുഡ് കോര്‍ട്ടില്‍ ഇരുന്നപ്പോള്‍ ജസ്റ്റിന്‍ വീണ്ടും മനസിലേക്കു വന്നു. സഹപ്രവര്‍ത്തകരോട് ഇതിനെ പറ്റി പറഞ്ഞപ്പോള്‍ സാമ്പത്തികമായി എന്തെങ്കിലും സഹായം ചെയ്യാമെന്നുള്ള അഭിപ്രായം വന്നു. എല്ലാവരും കൂടി സഹായിക്കാന്‍ കഴിയുന്നവരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി. കോട്ടയത്തുള്ള ചില സുഹൃത്തുക്കള്‍ വഴി ജസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയും കടക്കുന്ന വാര്‍ഡിനെ പറ്റിയുമൊക്കെ തിരക്കി. പണം ശേഖരിക്കാനായി സുഹൃത്തുക്കളുമായി പോകാന്‍ തുടങ്ങവേ കോട്ടയത്തുള്ള സുഹൃത്തിന്റെ ഫോണ്‍ വന്നു. ജസ്റ്റിന്‍ വിട്ടു പോയിരിക്കുന്നു, പണവും പത്രാസും കൊണ്ട് മനുഷ്യരെ അളക്കാത്ത, എല്ലാവര്‍ക്കും ഭക്ഷണം കിട്ടുന്ന ഒരു ലോകത്തേക്ക്. താന്‍ ഭക്ഷണത്തിനായി കൈ നീട്ടിയപ്പോള്‍ മുഖം തിരിച്ച് പോയവരുടെ മുന്നിലേക്കു ഒരു നാല് കോളം വാര്‍ത്തയായി ജസ്റ്റിന്‍ മാറി, നമ്മിലൊരാള്‍ വിചാരിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ഒരു കോളം വാര്‍ത്തായായി.

ഞാന്‍ വീണ്ടും എന്റെ ലോകത്തേക്ക് തിരിച്ച് പോയി, അപ്രൈസല്‍, മീറ്റിംഗുകള്‍. തന്റെ കര്‍ത്തവ്യം എന്നു ആരൊക്കെയൊ പറഞ്ഞേല്പിച്ച ജോലികളില്‍ മുഴുകി. പിന്നെയും ജസ്റ്റിനെ പോലുള്ളവര്‍ ഉണ്ടായി, വീണ്ടും ഇതു പോലത്തെ വാര്‍ത്തകള്‍. ചിലവ വായിച്ച് മറന്നു, ചിലത് ഓര്‍ത്ത് ദു:ഖിച്ചു, ചിലവ ആരും അറിഞ്ഞു കൂടിയില്ല.