Monday, July 03, 2006

സോമരസവും ബേബി ഡയപ്പേര്‍സും..

ഒരു തണുത്ത കോണ്‍ഫറന്‍സ്‌ ഹാള്‍.. സമയം വൈകുന്നേരം ഒരു എട്ട്‌ എട്ടര.. വിഷയം ഡാറ്റ മൈനിങ്ങും പിന്നെ എന്തൊക്കെയൊ ചില നല്ല കാര്യങ്ങളും..

എന്റെ അവസ്ഥ അര്‍ധബോധാവസ്ഥ..

സ്ഥലത്തെ പ്രധാനപെട്ട ഡാറ്റാബേസ്‌ പുലി എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു വ്യക്തിത്വം, ഡാറ്റാമൈനിംഗ്‌ എന്ന പ്രതിഭാസത്തെ കുറിച്ചും അതു കാരണം നാടായ നാട്ടിലൊക്കെയുള്ള ബിസിനസ്‌ പ്രമാണിമാര്‍ക്കു ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രയോജനങ്ങളെ കുറിച്ചും അതിന്റെ ആന്തരിക ഘടനാവിശേഷങ്ങളെക്കുറിച്ചും ഘോരം ഘോരം പ്രസംഗിക്കുകയായിരുന്നു. ഡാറ്റാ സ്റ്റോറേജിന്റെ അന്തരാത്മാവിന്റെ ആഴങ്ങളിലേക്കു ഊളിയിട്ടു പോയിട്ടുണ്ടെന്നു അവകാശപെടുന്ന ടി വ്യക്തിത്വം ചില 'മനുഷ്യനു മനസിലാവുന്ന' ഉദാഹരണങ്ങളിലൂടെ, ഉറങ്ങിക്കിടക്കുന്ന ഏഴെട്ടു തലച്ചോറുകളിലേക്കു സാധനം തള്ളികയറ്റാന്‍ ശ്രമിക്കുകയാണ്‌.

അങ്ങു അമേരിക്കാവിലെ വാള്‍ മാര്‍ട്ട്‌ സ്റ്റോറുകളില്‍ വെള്ളിയാഴ്ചകളില്‍ ബിയറിനു നല്ല ചിലവാണത്രെ??

എന്തൊരു വലിയ ഇന്‍ഫര്‍മേഷന്‍.. ബിയര്‍ എന്നു കേട്ടു തലപൊക്കി നോക്കിയ മുഖങ്ങളില്‍ പുഛഭാവം. ഇതു കണ്ടു പിടിച്ച്‌ പഠിപ്പിച്ചു തരാനാണൊ അളിയന്‍ കോട്ടും സൂട്ടും ഒക്കെ ഇട്ടു നിന്നു കൂടിയാട്ടം കളിക്കുന്നത്‌.

വെള്ളിയാഴ്ച്ച വൈകുന്നേരങ്ങളില്‍ ബേബി ഡയപേര്‍സിനും നല്ല ചിലവാണെന്നു...

പുഛമുഖങ്ങളില്‍ ആശ്ഛര്യത്തിന്റെ ഒരു ചെറിയ ഹാലിളക്കം.
മറ്റു ചില ദുഷ്ടമനസുകളില്‍ ബിയര്‍ കുടി കാരണം ഉണ്ടാകാന്‍ സാധ്യത ഉള്ള ഡയപ്പറിന്റെ ആവശ്യകത എന്തായിരിക്കും എന്ന തികച്ചും വേണ്ടാത്ത ചില വിചാരങ്ങള്‍.

ടിയാന്‍ ഈ ഭയങ്കരമായ സംഭവത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ചു തുടങ്ങി. വെള്ളിയാഴ്ച്ചകളില്‍ ബിയര്‍ വാങ്ങിക്കാന്‍ വേണ്ടി വാള്‍ മാര്‍ട്ട്‌ സന്ദര്‍ശിക്കുന്ന മാന്യദേഹങ്ങളെ ഭാര്യമാര്‍ വിളിച്ചു ഡയപ്പറിനെക്കുറിച്ചു ഓര്‍മ്മിപ്പിക്കുമെന്നും അതല്ല വൈകുന്നേരങ്ങളില്‍ കറക്കം എന്ന പേരില്‍ നീണ്ട ഡ്രൈവിംഗ്‌ വേണ്ടതിനാല്‍ കുഞ്ഞുങ്ങള്‍ക്കു ഡയപ്പേര്‍സ്‌ ഒരു അത്യാവശ്യമാണെന്നും ഉള്ള രണ്ടു അഭിപ്രായങ്ങല്‍ അവതരിപ്പിക്കപെട്ടു.

ഇതൊക്കെ കണ്ടുപിടിച്ചതു വാള്‍മാര്‍ട്ടിലെ ചില ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ ആണു പോലും.. ഇവര്‍ ബിയര്‍-നാപ്പി റിലേഷന്‍ഷിപ്‌ എന്ന പേരില്‍ പഠനങ്ങള്‍ വരെ നടത്തിയിട്ടുണ്ടത്രേ. ഈ ഡാറ്റാമൈനിംഗ്‌ തൊഴിലാളികള്‍ക്കു ഫോണ്‍ ടാപ്പിംഗ്‌ പൊലുള്ള കലകള്‍ വശമാണൊ എന്ന സംശയം തികച്ചും ന്യായമാണു. എന്നാല്‍ ഇതെല്ലാം ചെയ്യുന്നത്‌ ഡാറ്റ മൈനിംഗ്‌ എന്ന മഹത്തായ പ്രതിഭാസം കൊണ്ടാണെന്നും ഡാറ്റയെ തുടര്‍ച്ചയായി അനലൈസ്‌ ചെയ്താല്‍ ഡയപേര്‍സിന്റെ കാര്യം മാത്രമല്ല മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന മറ്റു പല കാര്യങ്ങളും പുറത്താവുമെന്നും പ്രാസംഗികന്‍ വെളിപ്പെടുത്തി.

ആ ഞെട്ടലില്‍ നിന്നു മോചിതനാകുന്നതിനു മുന്‍പു തന്നെ 'മാനേജര്‍ അദ്ദേഹം' ഫാബ്മാളിന്റെ എന്‍ട്രന്‍സില്‍ തന്നെ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും വെച്ചിരിക്കുന്നതും ഡാറ്റ മൈനിംഗ്‌ ഉള്ളതു കൊണ്ടാണെന്നു വെളിപ്പെടുത്തി.

'സര്‍'

കോണ്‍ഫറന്‍സുകളില്‍ സംശയരോഗിയായി മാറുന്ന ഒരു ചേട്ടന്‍ ഒബ്ജക്ഷന്‍ യുവര്‍ ഓണര്‍ പറഞ്ഞു

'അങ്ങനേയൊന്നുമല്ല സര്‍ കാര്യങ്ങള്‍'

ഡാറ്റാബേസ്‌ പുലിവര്യനും മാനേജര്‍ അദ്ദ്യവും ഞെട്ടി. ഞങ്ങള്‍ കൂടെ ഞെട്ടി. ആദ്യം ഡൗട്ട്‌ ചോദിച്ച്‌ മനേജരില്‍ നിന്നും പോയിന്റുകള്‍ വാങ്ങാം എന്നു കരുതിയിരുന്നവര്‍ നിരാശരായി.

സംശയരോഗി തുടര്‍ന്നു

'ഫാബ്മാളില്‍ ലെഫ്റ്റ്‌ സൈഡില്‍ പച്ചക്കറികളും റൈറ്റ്‌ സൈഡില്‍ ബിയറും ആണ്‌ വെച്ചിരിക്കുന്നത്‌ എന്നു പറയുന്നത്‌ ശരി അല്ല സര്‍. അവിടെ ബിയര്‍ സാധാരണ ലെഫ്റ്റ്‌ സൈഡില്‍ ആണു വെക്കുന്നത്‌. '

*
*
*

മോഹാലസ്യപ്പെട്ടു വീണ പ്രാസംഗികനേയും മനേജര്‍ അദ്ദ്യത്തേയും ചുമന്നു കൊണ്ട്‌ ഞങ്ങള്‍ ആ തണുത്ത കോണ്‍ഫറന്‍സ്‌ ഹാളിനു പുറത്തേക്കു പോയി.



*****************************************************

മറ്റൊരു റിലേറ്റെഡ്‌ നോട്ട്‌

വേദി - CDAC തിരുവനന്തപുരം ( ഫൈനല്‍ ഇയര്‍ പ്രോജക്ട്‌ വേള)

കയ്യും കെട്ടി നിര്‍നിമേഷന്മാരായി നില്‍ക്കുന്ന ഞങ്ങളോട്‌ പ്രോജക്ട്‌ ഗൈഡ്‌,

പ്രൊ ഗ : ഇത്രയും ഉത്തരവാദിത്വമില്ലാതെ പെരുമാറരുത്‌.. 15 രൂപയുടെ ഒരു IC വാങ്ങിക്കൊണ്ട്‌ വരാന്‍ പറഞ്ഞിട്ടു ആഴ്ച്ച രണ്ടായി

ഒരു സുഹൃത്ത്‌ : സര്‍... സര്‍ വിചാരിക്കുന്നത്‌ പോലെയൊന്നുമല്ല കാര്യങ്ങള്‍

പ്രൊ ഗ : പിന്നെ

സുഹൃത്ത്‌ : 15 രൂപയൊന്നുമല്ല സര്‍, 17 രൂപയാണു സര്‍ പറഞ്ഞ ആ IC ക്കു വില.

ശേഷം...

ഞാന്‍ എന്റെ പോക്കറ്റില്‍ കിടന്ന 100 രൂപ നോട്ടു ഗൈഡ്‌ കാണ്‍കെ ഉയര്‍ത്തിക്കാണിക്കുകയും മറ്റൊരു സുഹൃത്ത്‌ അന്നു അപൂര്‍വമായിരുന്ന മൊബെയില്‍ ഫോണ്‍ പൊക്കിക്കാണിക്കുകയും മറ്റുള്ളവര്‍ തങ്ങള്‍ക്കുള്ള സ്വര്‍ണമാല, മോതിരം തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു.